കെ എസ് ആർ ടി സിയുടെ എ സി സ്ലീപ്പർ ബസിന് തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റിന്റെ എ സി സ്ലീപ്പർ ബസിന് തീപിടിച്ചു. ഇന്നുരാവിലെ ഒമ്പതുമണിയോടെ വെഞ്ഞാറമൂടിനടുത്ത് നെല്ലനാട് സ്കൂളിനുമുന്നിലായിരുന്നു അപകടം. ആർക്കും പരിക്കില്ല. പറശിനിക്കടവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസ്. നെല്ലനാട് എത്തിയപ്പോൾ ഡ്രൈവറുടെ ഭാഗത്ത് തീ കാണുകയും ഉടൻതന്നെ എൻജിൻറൂമിൽ നിന്ന് ശക്തമായ പുകയുണ്ടാവുകയും ചെയ്തു. പൊടുന്നനെ ബസ് നിറുത്തിയ ഡ്രൈവർ യാത്രക്കാരെയെല്ലാം പുറത്തിറക്കി. നാട്ടുകാരും, വെഞ്ഞാറമൂട് ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്. ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും ഇടപെടൽമൂലം വൻ ദുരന്തമായിരുന്നു ഒഴിവായത്. ബസിന് ചെറിയ കേടുപാടുകളുണ്ടായിട്ടുണ്ട്. തീ പിടിത്തത്തിന് കാരണം വ്യക്തമല്ല. അപകടത്തെത്തുടർന്ന് ഏറെനേരം ഇതുവഴിയുള്ള ഗതാഗതം നിലച്ചു. വെഞ്ഞാറമൂട് മേൽപ്പാലം പണി നടക്കുന്നതിനാൽ നെല്ലനാട് റോഡുവഴിയാണ് ഗതാഗതം തിരിച്ചിവിട്ടിരിക്കുന്നത്.
Source link


