കെഎസ്‌ആർടിസി ബിസിനസ് ക്ലാസ് ഈ മാസം നിരത്തിലേക്ക്; ഒരുക്കിയിരിക്കുന്നത് വിമാനങ്ങളിലേത് പോലുള്ള സൗകര്യങ്ങൾ

കൊച്ചി: കെഎസ്‌ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് സർവീസ് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. പാൻട്രി, ടോയ്‌ലറ്റ് സംവിധാനങ്ങളുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് ആയിരിക്കും സർവീസ് നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. യാത്രക്കാർക്ക് ടിക്കറ്റ് റിസർവ് ചെയ്യുന്നതിനൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാനാകും. ഈ മാസം 15ഓടെ ബിസിനസ് ക്ലാസ് ബസ് എത്തുമെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളത്തെ നവീകരിച്ച കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന്റെ ഉദ്‌ഘാടന വേദിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ബിസിനസ് ക്ലാസ് ബസ് സർവീസുകളുടെ ഉദ്‌ഘാടനവും ഇതേ വേദിയിൽ നടന്നതായും മന്ത്രി പ്രഖ്യാപിച്ചു.ബസ് വന്നാൽ ആദ്യം താൻ ഓടിച്ചുനോക്കുമെന്നും തിരുവനന്തപുരം – കൊച്ചി റൂട്ടിലാകും ആദ്യ സർവീസെന്നും കെ ബി ഗണേശ് കുമാർ പറഞ്ഞു. വേദിയിൽ പ്രസംഗത്തിനിടെ ഹൈബി ഈഡൻ എംപി ഗണേശ് കുമാറിനെ പ്രശംസിച്ചു. പറഞ്ഞത് ചെയ്യുന്ന ആളാണ് മന്ത്രി ഗണേശ് കുമാറെന്നും അതിന് ഉദാഹരണമാണ് കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന്റെ നവീകരണമെന്നും അദ്ദേഹം കെഎസ്‌ആർടിസിയുടെ ഐശ്വര്യമായി നിലനിൽക്കട്ടെയെന്നും ഹൈബി ഈഡൻ പറഞ്ഞു.കെഎസ്‌ആർടിസി പ്രീമിയം ബിസിനസ് ക്ലാസ് ബസ് സർവീസ് ആരംഭിക്കുമെന്ന് നേരത്തേ തന്നെ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ദേശീയപാത വികസനം പൂർത്തിയാകുന്ന മുറയ്‌ക്ക് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് വെറും മൂന്നോ നാലോ മണിക്കൂറിനുള്ളിൽ യാത്ര സാദ്ധ്യമാക്കുന്ന ആധുനിക ബിസിനസ് ക്ലാസ് ബസ് സർവീസ് ആരംഭിക്കുമെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം. എമിറേറ്റ്‌സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകൾക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകൾ നിരത്തിലിറങ്ങുകയെന്നും ഇത് സംസ്ഥാനത്തെ യാത്രാനുഭവങ്ങളിൽ ഒരു പുതിയ അദ്ധ്യായം തുറക്കുമെന്നുറപ്പാണെന്നും മന്ത്രി പറഞ്ഞിരുന്നു.
Source link



