വൈറലായി ‘ഡയപ്പർ മരം’; ഉറവിടം തേടി സോഷ്യൽ മീഡിയ

പൗരബോധം എന്നത് ഓരോ വ്യക്തിയും പരിശീലിക്കേണ്ട കാര്യമാണ്. അധികാരകേന്ദ്രങ്ങൾ മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുന്നെന്ന് പറയുമ്പോൾ പൊതു സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപത്തിൽ നമ്മൾ പങ്കാളികളാകുന്നില്ലെന്ന് ഉറപ്പിക്കാൻ ഓരോരുത്തർക്കും കഴിയണം. അത്തരത്തിൽ ഇന്ത്യയിൽ പൗരബോധത്തെക്കുറിച്ച് വിശാലമായ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ.
വീടിന് പുറത്തുള്ള ഒരു മരത്തിൽ മലിനമായ ഡയപ്പറുകൾ തൂങ്ങികിടക്കുകയും താഴെ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയും ചെയ്തിരിക്കുന്നതിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്നാണ് കരുതുന്നത്. സുസ്ഥിര ജീവിത ശൈലിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ ചെയ്യുന്ന ശ്വേത കതാരിയയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്.
ഒരു ഇരുനില വീടിന്റെ ഷോട്ടോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീടിന് പുറത്തുള്ള പൊതുവഴിക്ക് അരികിലായി നിൽക്കുന്ന മരത്തിൽ നിറയെ മലിനമായ ഡയപ്പറുകൾ തൂങ്ങികിടക്കുന്നതാണ് പിന്നീട് കാണിക്കുന്നത്. ആ മരത്തിന്റെ പരിസരവും മലിനമായി തന്നെയാണ് കിടക്കുന്നത്. ആ ഇരുനില വീട്ടിൽ ഒരു കൊച്ചു കുട്ടിയുള്ള കുടുംബം താമസിക്കുന്നുണ്ടെന്ന് വീഡിയോയിൽ പറയുന്നുണ്ട്.
മലിനമായ ഡയപ്പറുകൾ സംസ്കരിക്കുന്നത് വളരെ വെല്ലുവിളി നേരിടുന്ന കാര്യമാണ്. രാജ്യം നേരിടുന്ന വലിയൊരു മാലിന്യ പ്രതിസന്ധിയാണിത്. തുണി കൊണ്ടുള്ള ഡയപ്പറുകൾ ഉപയോഗിക്കുന്നത് ഈ പ്രതിസന്ധികൾ കുറയ്ക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അത് പരിസ്ഥിതിയെ മോശമായി ബാധിക്കില്ലെന്നും കുട്ടികളുടെ ചർമ്മത്തെ ദോഷമായി ബാധിക്കില്ലെന്നും അവർ പറയുന്നു. കൂടാതെ പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന ഹീനമായ പ്രവർത്തിയെ ശക്തമായ ഭാഷയിലാണ് ഇന്റർനെറ്റ് വിമർശിക്കുന്നത്.
Source link

