കാസനോവയുമായി വന്ന സി.ജെ. റോയ്

ഡോ.സി. ജെ റോയ് യുടെ വിയോഗത്തിന്റെ ഞെട്ടലിൽ സിനിമാലോകം
ബിസിനസ് ജീവിതത്തിനിടെ അപ്രതീക്ഷിതമായാണ് സി.ജെ. റോയ് ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. മോഹൻലാൽ നായകനായി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം കാസനോവ നിർമ്മിച്ച് രംഗപ്രവേശം.കാസനോവയുടെ നിർമ്മാതാവിനെ തേടി റോഷൻ ആൻഡ്രൂസ് ഏറെ അലഞ്ഞു. ബഡ്ജറ്റ് തന്നെ പ്രശ്നം. കഥ ഇഷ്ടപ്പെട്ട റോയ് കൈ കൊടുത്തു. പൂർണമായും ദുബായിൽ ചിത്രീകരിച്ച കാസനോവ ബോക്സ് ഓഫീസിൽ പരാജയം നേരിട്ടെങ്കിലും നല്ല സിനിമയുടെ നിർമ്മാണത്തിൽ പങ്കാളി ആയി എന്ന ചാരിതാർത്ഥ്യത്തിലായിരുന്നു റോയ്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ നിർമ്മിച്ച ആദ്യ സിനിമയായ കാസനോവ തനിക്ക് അഭിമാനം മാത്രമേ നൽകുന്നുള്ളുവെന്ന് റോയ് പറയുമായിരുന്നു.
മരക്കാർ : അറബിക്കടലിന്റെ സിംഹത്തിന്റെ സഹ നിർമ്മാതാവായതിൽ താൻ അതീവ സന്തോഷവാനാണെന്ന് റോയ്സമൂഹമാദ്ധ്യമത്തിൽ കുറിച്ചത് സുഹൃത്തുക്കൾ ഒാർക്കുന്നു. കോവിഡ് മഹാമാരി മൂലം സിനിമാരംഗം പ്രതിസന്ധിയിലാവുകയും മലയാള സിനിമയിലെ റിലീസ് നീട്ടിയ ചിത്രങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിയ മുതൽമുടക്കിലൊരുങ്ങിയ ചരിത്ര സിനിമയായിരുന്നു മരക്കാർ .മോഹൻലാലുമായുള്ള അടുത്ത സൗഹൃദം ആണ് ഡോ. സി.ജെ. റോയ്യെ സിനിമാക്കാരാക്കുന്നത്.
ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റി, സുരേഷ് ഗോപി നായകനായ മേ ഹൂം മൂസ എന്നീ ചിത്രങ്ങളും സി.ജെ. റോയ്യുടെ നിർമ്മാണ പങ്കാളിത്തത്തിൽ പുറത്തിറങ്ങി.
ഭാവന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അനോമി ആണ് സി.ജെ. റോയ്യുടെ നിർമ്മാണ പങ്കാളത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം.
Source link



