LATEST

കാവ്യ-ദിലീപ് ബന്ധം വെളിപ്പെടുത്തിയതിൽ വ്യക്തിവൈരാഗ്യം; നടിയെ ആക്രമിച്ചതിന് പിന്നിലെ കാരണങ്ങൾ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവിധി തിങ്കളാഴ്‌ച വരാനിരിക്കെ വിചാരണക്കോടതിയിൽ നടന്ന പ്രോസിക്യൂഷൻ വാദങ്ങൾ പുറത്ത്. ഒരു സ്വകാര്യ ചാനലാണ് വിവരങ്ങൾ പുറത്ത് വിട്ടത്. കാവ്യ-ദിലീപ് ബന്ധം പുറത്തറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രോസിക്യൂഷൻ വാദം. താരങ്ങളുടെ ബന്ധത്തെക്കുറിച്ച് ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജുവാര്യരെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയാണെന്നും ഇതേ തുടർന്നുള്ള വ്യക്തിവൈരാഗ്യമാണ് നടിക്കെതിരെ ക്വട്ടേഷൻ കൊടുക്കാൻ ദിലീപിനെ പ്രേരിപ്പിച്ചതെന്നുമാണ് പ്രൊസിക്യൂഷൻ വാദിച്ചത്.

ദിലീപിന്റെ ഫോണിൽ പല പേരുകളിലാണ് കാവ്യയുടെ നമ്പരുകൾ സേവ് ചെയ്‌തിരുന്നത്. രാമൻ, ആർയുകെ അണ്ണൻ, മീൻ, വ്യാസൻ എന്നീ പേരുകളിലാണ് നമ്പരുകൾ സേവ് ചെയ്‌തിരുന്നത്. ഡ്രൈവർ അപ്പുണ്ണിയുടെ ഫോണിൽ ‘ദിൽ കാ’ എന്ന പേരിലാണ് കാവ്യയുടെ നമ്പർ സേവ് ചെയ്‌തിരുന്നത്. കാവ്യയുമായുള്ള ബന്ധം മഞ്ജുവാര്യരിൽ നിന്ന് മറച്ചുപിടിക്കാനാണ് ഇത്തരത്തിൽ കള്ളപ്പേരുകൾ ഉപയോഗിച്ചതെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.

2012ൽ തന്നെ താരങ്ങളുടെ ബന്ധത്തെക്കുറിച്ച് മഞ്ജുവാര്യർ തിരിച്ചറിഞ്ഞെന്നും പ്രോസിക്യൂഷൻ വാദത്തിൽ പറയുന്നുണ്ട്. ദിലീപിന്റെ ഫോണിൽ തുടർച്ചയായി പല നമ്പരുകളിൽ നിന്ന് മെസേജ് വരുന്നത് മ‌ഞ്ജുവാര്യരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിൽ സംശയം തോന്നിയതോടെ ഗീതു മോഹൻദാസിനും സംയുക്ത വർമ്മയ്ക്കുമൊപ്പം മഞ്ജുവാര്യർ നടിയെ പോയി കാണുകയായിരുന്നു. ഇക്കാര്യം മുന്നേ അറിയുന്ന നടി താരങ്ങളുടെ ബന്ധത്തെക്കുറിച്ച് മ‌ഞ്ജുവാര്യരോട് തുറഞ്ഞ് പറഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ വാദം. ഇതിൽ നടിയോട് ദിലീപിന് തോന്നിയ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ വാദിച്ചത്.

അതേസമയം, പ്രോസിക്യൂഷൻ വാദങ്ങളെ ദിലീപ് തള്ളിക്കളഞ്ഞു. പ്രോസിക്യൂഷന്റേത് വെറും ആരോപണങ്ങളാണെന്നും അതിന് തെളിവില്ലെന്നും ദിലീപ് കോടതിയിൽ വാദിച്ചു. പൊലിസിന്റെ കെട്ടുകഥകളാണിതെന്നാണ് ദിലീപ് കോടതിയിൽ വാദിച്ചത്. ആക്രമിക്കപ്പെട്ട നടിയോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നില്ലെന്നും മഞ്ജുവുമായുള്ള വിവാഹമോചനത്തിന് നടി ഒരു കാരണമായിരുന്നില്ലെന്നും ദിലീപ് കോടതിയിൽ വാദിച്ചു.

കൊച്ചിയിൽ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തിൽ നടി ആക്രമണത്തിന് ഇരയായത്. കേസിൽ ആകെ ഒമ്പത് പ്രതികളാണ് ഉള്ളത്. പൾസർ സുനി ഒന്നാംപ്രതിയായ കേസിൽ നടൻ ദിലീപ് എട്ടാംപ്രതിയാണ്. 12 പ്രതികളായിരുന്നു ആദ്യം ഉണ്ടായിരുന്നത്. ഇതിലൊരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. കേസിൽ അന്തിമവാദം പൂർത്തിയാക്കിയിട്ട് മാസങ്ങൾ പിന്നിട്ടു. കഴിഞ്ഞ ഏപ്രിൽ ഒമ്പതിനാണ് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായത്.

എറണാകുളം സെഷൻസ് കോടതി ജഡ്‌ജിയാണ് ഡിസംബർ എട്ടിന് വിധി പറയുക. കേസിലെ വിചാരണയ്‌ക്കിടെ 28 സാക്ഷികളാണ് കൂറുമാറിയത്. ആദ്യഘട്ടത്തിൽ ദിലീപിനെ പ്രതി ചേർത്തിരുന്നില്ല. പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂലായ് പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്‌തത്. രണ്ട് മാസത്തിന് ശേഷം ഒക്‌ടോബർ മൂന്നിന് ദിലീപ് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button