NATIIONAL

കാവലായി കോലിയുണ്ട്, റൺചേസിൽ റെക്കോർഡ്; കളം നിറഞ്ഞ് പടിക്കലും പാട്ടീദാറും, ബെംഗളൂരുവിന് എന്തു പേടിക്കാൻ?


ബെംഗളൂരു∙ കാവലായി വിരാട് കോലിയും (38 പന്തിൽ 69 നോട്ടൗട്ട്) കളംനിറഞ്ഞ് കളിക്കാൻ ദേവ്ദത്ത് പടിക്കലും (26 പന്തിൽ 61) ക്യാപ്റ്റൻ രജത് പാട്ടിദാറും (12 പന്തിൽ 31) ഉള്ളപ്പോൾ ബെംഗളൂരുവിന് പിന്നെ എന്തു പേടിക്കാൻ? ഐപിഎൽ 19–ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ, നിലവിലെ ചാംപ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് അനായാസ ജയം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 6 വിക്കറ്റിനാണ് ബെംഗളൂരു മറികടന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ്, ക്യാപ്റ്റൻ ഇഷാൻ കിഷന്റെ (38 പന്തിൽ 80) വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 15.4 ഓവറിൽ ബെംഗളൂരു ലക്ഷ്യം കണ്ടു. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 9ന് 201. ബെംഗളൂരു 15.4 ഓവറിൽ 4ന് 203. ഐപിഎൽ ചരിത്രത്തിൽ  200നു മുകളിൽ വിജയലക്ഷ്യം അതിവേഗം കീഴടക്കുന്ന ടീം എന്ന റെക്കോർഡ് മത്സരത്തിൽ ബെംഗളൂരു സ്വന്തമാക്കി.202 റൺസ് പിന്തുടർന്നിറങ്ങിയ ആർസിബിക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ ഫിൽ സോൾട്ടിനെ (7 പന്തിൽ 8) നഷ്ടമായി. രണ്ടാം വിക്കറ്റിൽ കോലിയും ദേവ്ദത്തും ഒന്നിച്ചതോടെയാണ് കളം ബെംഗളൂരുവിന് അനുകൂലമായത്. തുടക്കം മുതൽ ആ‍ഞ്ഞടിച്ച ദേവ്ദത്ത് ഒരു എൻഡിൽ അനായാസം റൺനിരക്ക് ഉയർത്തിയപ്പോൾ മറുവശത്ത് കരുതലോടെ മുന്നോട്ടു പോകുന്നതിലായിരുന്നു കോലിയുടെ ശ്രദ്ധ. പവർപ്ലേ അവസാനിക്കുമ്പോൾ സ്കോർ 76ൽ എത്തിച്ച ഇരുവരും ചേർന്ന് ബെംഗളൂരുവിന്റെ അടിത്തറ ഭദ്രമാക്കി. 45 പന്തിൽ 101 റൺസ് ചേർത്ത സഖ്യം മത്സരം ആതിഥേയരുടെ നിയന്ത്രണത്തിലാക്കി. 26 പന്തിൽ 4 സിക്സും 7 ഫോറുമടക്കം 61 റൺസ് നേടിയ ദേവ്ദത്തിനെ പുറത്താക്കിയ ഹർഷ് ദുബെ ഹൈദരാബാദിന് പ്രതീക്ഷ നൽകിയെങ്കിലും പിന്നാലെയെത്തിയ ക്യാപ്റ്റൻ രജത് പാട്ടിദാർ കത്തിക്കയറിയതോടെ ആർസിബി വീണ്ടും ട്രാക്കിലായി. നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഞെട്ടലോടെയാണ് തുടങ്ങിയത്. പേസും ബൗൺസുമായി തകർത്തെറിഞ്ഞ കിവീസ് പേസർ ജേക്കബ് ഡഫി, തന്റെ രണ്ടാം ഓവറിൽ തന്നെ ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയെ (8 പന്തിൽ 7) മടക്കി. അതേ ഓവറിലെ അവസാന പന്തിൽ ട്രാവിസ് ഹെഡിനെയും (9 പന്തിൽ 11) പുറത്താക്കിയ ഡഫി ഹൈദരാബാദിനെ സമ്മർദത്തിലാക്കി. പവർപ്ലേ അവസാനിക്കും മുൻപ് നിതീഷ് കുമാർ റെഡ്ഡിയെയും (1) വീഴ്ത്തിയ ഡഫി ബെംഗളൂരുവിന് കൃത്യമായ മേൽക്കൈ നൽകി. 3ന് 49 എന്ന നിലയിൽ പവർപ്ലേ അവസാനിപ്പിച്ച ഹൈദരാബാദിനെ നാലാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ – ഹെയ്ൻറിച് ക്ലാസൻ (22 പന്തിൽ 31) സഖ്യമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. നാലാം വിക്കറ്റിൽ 53 പന്തിൽ 97 റൺസ് കൂട്ടിച്ചേർത്ത ഇഷാൻ– ക്ലാസൻ ജോടി, ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ ഉറപ്പാക്കി. പിന്നാലെ 18 പന്തിൽ 4 സിക്സും 3 ഫോറുമടക്കം 43 റൺസ് നേടിയ യുവതാരം അനികേത് വർമയാണ് ടീം ടോട്ടൽ 200ലേക്ക് എത്തിച്ചത്. ഡഫിയും റൊമാരിയോ ഷെപ്പേഡും ബെംഗളൂരുവിനായി 3 വിക്കറ്റ് വീതം വീഴ്ത്തി.


Source link

Back to top button