കാലാവസ്ഥയിലെ മാറ്റം, വാഹനവുമായി റോഡിലിറങ്ങുന്നവർ ശ്രദ്ധിക്കുക; പ്രവാസികളടക്കമുള്ളവർക്ക് നിർദ്ദേശം

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദൂരക്കാഴ്ച പരിധി ഗണ്യമായി കുറയാൻ സാദ്ധ്യതയുള്ളതിനാൽ താമസക്കാരും ഡ്രൈവർമാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി 11:30 മുതൽ ബുധനാഴ്ച രാവിലെ 10 മണി വരെ മൂടൽമഞ്ഞ് തുടരാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തീരദേശ മേഖലകൾ, ദ്വീപുകൾ എന്നിവിടങ്ങളിൽ ദൂരക്കാഴ്ച പൂജ്യത്തിലേക്ക് താഴാൻ സാദ്ധ്യതയുണ്ട്. റോഡിലെ കാഴ്ചാ പരിധി കുറവായതിനാൽ വാഹനത്തിന്റെ വേഗത നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മുൻപിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം എപ്പോഴും നിലനിർത്തുക. സാധാരണ നിലയിൽ വാഹനമോടിക്കുമ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കരുത്. ഇത് പുറകിൽ വരുന്ന വാഹനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയേക്കാം.
അടിയന്തര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുക. മൂടൽമഞ്ഞുള്ളപ്പോൾ ഹെഡ്ലൈറ്റുകൾ ‘ലോ ബീം’ മോഡിൽ പ്രവർത്തിപ്പിക്കുക. റമദാൻ മാസം അടുത്തിരിക്കെ, കാലാവസ്ഥാ വ്യതിയാനങ്ങൾ കണക്കിലെടുത്ത് എല്ലാവരും സുരക്ഷിത യാത്ര ഉറപ്പാക്കണമെന്ന് എൻസിഎം അഭ്യർത്ഥിച്ചു.
Source link


