പഞ്ചാബും പറപ്പിച്ചു

കൊച്ചി: ആറാം മത്സരത്തിൽ സീസണിലെ ആദ്യ ജയം തേടിയിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സ് പാഞ്ചാബിന്റെ മൂന്നടിയിൽ തകർന്ന് തരിപ്പണമായി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്നലെ സ്വന്തം മൈതാനമായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്.സിയോട് തോൽവി സമ്മതിച്ചത്. ഹോം ഗ്രൗണ്ടിൽ മഞ്ഞപ്പടയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. പഞ്ചാബിനായി സമീർ സെൽജ്കോവിക് (7), ഒസുജി (18), നായകൻ ഡാനിയൽ റാമിറസ് (38) എന്നിവരാണ് ഗോൾ നേടിയത്. ഫോലും എൻഡിയെയാണ് (64) ബ്ലാസ്റ്റേഴ്സിനായി ആശ്വാസഗോൾ നേടിയത്. ഏപ്രിൽ അഞ്ചിന് സ്പോട്ടിംഗ് ഡൽഹിയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളി.ആദ്യപകുതിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച പഞ്ചാബ്, കളിയുടെ നിയന്ത്രണമേറ്റെടുത്തു. ഏഴാം മിനിട്ടിൽ ഇതിന്റെ ആഘാതം ബ്ലാസ്റ്റേഴ്സ് അറിഞ്ഞു. പന്തുമായി മുന്നേറിയ ലുഗ്ദിംഗിന്റെ പാസ് ബോക്സിനുള്ളിലേക്ക്. പന്ത് വരുതിയിലാക്കിയ ബോസ്നിയൻ മുന്നേറ്റതാരം സമീർ സെൽജ്കോവികിന്റെ അപ്രതീക്ഷിത നീക്കത്തിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര ഞെട്ടി. അപകടം ഒഴിവാക്കാനുള്ള ശ്രമത്തിന് മുൻപ് പന്ത് വലയിൽ. തിരിച്ചടിക്ക് ബ്ലാസ്റ്റേഴ്സ് തുനിഞ്ഞിറങ്ങി. പക്ഷേ, നീക്കങ്ങളെല്ലാം പഞ്ചാബ് പ്രതിരോധത്തിൽ തട്ടിയകന്നു.18-ാം മിനിട്ടിൽ സന്ദർശകർ വീണ്ടും ഞെട്ടിച്ചു. ബോക്സിന്റെ വലതുമൂലയിലേക്ക് സെൽജ്കോവികിന്റെ സുന്ദരൻ പാസ്. പ്രതിരോധക്കോട്ടയെ വെട്ടിച്ച് ഓടിയടുത്ത നൈജീരിയൻ മുന്നേറ്റതാരം ഒസുജിയുടെ നിലംപറ്റെയുള്ള ഷോട്ട് അർഷിന് തടുക്കാനായില്ല. പന്ത് വലയിൽ. കളിയിൽ ആധിപത്യം നേടിയ പഞ്ചാബ് ബ്ലാസ്റ്റേഴ്സിനെ പരീക്ഷിച്ചുകൊണ്ടിരുന്നു. അക്കൗണ്ട് തുറക്കാൻ ലഭിച്ച മികച്ച അവസരങ്ങൾ കെവിൻ യോക്കെയ്ക്കടക്കം പാഴാക്കി. 38ാം മിനിട്ടിൽ വീണ്ടും പഞ്ചാബ് ബ്ലാസ്റ്റേഴ്സ് വലകുലുക്കി. പന്തുമായി മദ്ധ്യഭാഗവും പിന്നിട്ട് മുന്നേറിയ മൻഗ്ലെൻതാംഗ് കിപ്ഗെന്നിന്റെ ബുള്ളറ്റ് ഷോട്ട് ബാറിൽ തട്ടിത്തെറിച്ചു. പക്ഷേ, അപകടം ഒഴിവായില്ല. റീബൗണ്ട് ഹെഡ് ചെയ്ത് പഞ്ചാബ് നായകൻ ഡാനിയേൽ റാമിറസ് വലയിലേക്ക് എത്തിച്ചു.
Source link


