LATEST

കാമുകനെ വീട്ടുകാർ കൊന്നു, മൃതദേഹത്തെ വിവാഹം ചെയ്‌ത് യുവതി

മുംബയ്: ‘അവൻ പോയെങ്കിലും ഞങ്ങളുടെ സ്നേഹം മരിച്ചിട്ടില്ല…” വീട്ടുകാർ ക്രൂരമായി കൊലപ്പെടുത്തിയ തന്റെ കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്യവെ ആഞ്ചൽ മമിദ്വാർ എന്ന പെൺകുട്ടി കണ്ണീരോടെ പറഞ്ഞു. മഹാരാഷ്ട്രയിലെ നാന്ദേഡിലാണ് വേദനിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. താഴ്ന്ന ജാതിക്കാരൻ എന്ന പേരിൽ ആഞ്ചലിന്റെ സഹോദരന്മാരും പിതാവും ചേർന്നാണ് കാമുകൻ സാക്ഷം ടേ​റ്റിനെ (20) ക്രൂരമായി കൊലപ്പെടുത്തിയത്.

മൂന്നു വർഷമായി ആഞ്ചലും സാക്ഷവും പ്രണയത്തിലായിരുന്നു. ആഞ്ചലിന്റെ സഹോദരൻമാരുമായി അടുപ്പം പുലർത്തിയിരുന്ന സാക്ഷം അവരുടെ വീട് പതിവായി സന്ദർശിച്ചിരുന്നു. ഇരുവരുടെയും ബന്ധം ആഞ്ചലിന്റെ വീട്ടിലറിഞ്ഞതോടെ സ്ഥിതി മാറി. ഭീഷണികൾ മറികടന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചതോടെയാണ് ആഞ്ചലിന്റെ വീട്ടുകാർ സാക്ഷത്തെ ഇല്ലാതാക്കിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു നടുക്കുന്ന സംഭവം. ക്രൂരമായി മർദ്ദിച്ച ശേഷം സാക്ഷത്തിന്റെ തല വെടിവച്ചും കല്ലുകൊണ്ട് ഇടിച്ചു തകർത്തു.

സാക്ഷത്തിന്റെ സംസ്കാരച്ചടങ്ങിനിടെയാണ് ആഞ്ചൽ എത്തി മാല ചാർത്തിയത്. തന്റെ നെ​റ്റിയിൽ സിന്ദൂരം തൊടുകയും ചെയ്തു. ഇനിയുള്ള കാലം സാക്ഷത്തിന്റെ മാതാപിതാക്കളുടെ മരുമകളായി ജീവിക്കുമെന്ന് പറഞ്ഞ ആഞ്ചൽ, സാക്ഷത്തിന്റെ കൊലയാളികൾക്ക് തൂക്കുകയർ നൽകണമെന്ന് ആവശ്യപ്പെട്ടു. കേസിൽ ആഞ്ചലിന്റെ മാതാപിതാക്കളും രണ്ട് സഹോദരൻമാരും അടക്കം ആറ് പേർ മഹാരാഷ്ട്ര പൊലീസിന്റെ അറസ്റ്റിലായി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button