കാണുന്ന സ്ത്രീകളെയെല്ലാം കടന്നുപിടിക്കും, തല്ലിയാലും കൂസലില്ല; ഒടുവിൽ യുവാവിനെ പിടികൂടിയത് ഒറ്റ കാര്യംകൊണ്ട്

അടുത്തിടെയായി സ്ത്രീകൾ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ സുരക്ഷയെക്കുറിച്ച് പല തരത്തിലുള്ള ആശങ്കകളാണ് ഉയരുന്നത്. നവംബർ രണ്ടിനാണ് തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്ന് 19കാരിയെ തള്ളിയിട്ട സംഭവം നടന്നത്. പുകവലി ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു യുവതിയെ ട്രെയിനിൽ നിന്ന് ചവിട്ടിത്തെറിപ്പിച്ചത്. 14 വർഷങ്ങൾക്ക് മുമ്പാണ് ഗോവിന്ദചാമി ട്രെയിനിൽ നിന്ന് തള്ളിയിട്ട് സൗമ്യ എന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അതിക്രൂരമായി കൊന്നത്. എടുത്ത് പറയാനാണെങ്കിൽ സമാനമായ ഒട്ടേറെ സംഭവങ്ങളാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്.
സ്ത്രീകളെ ശല്യം ചെയ്യാനും അവരെ ലൈംഗിക ചുവയോടെ മാത്രം നോക്കിക്കാണുന്ന അപകടകാരികളായ ക്രിമിനലുകൾ ഇപ്പോഴും നമ്മൾ യാത്ര ചെയ്യുന്ന ട്രെയിനുകളിൽ വിലസുന്നുണ്ടെന്നതാണ് സത്യാവസ്ഥ. ട്രെയിനിൽ വച്ച് സ്ത്രീകളെ കടന്ന് പിടിക്കാൻ ശ്രമിച്ച ഒരു യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഒരു ട്രാവൽ വ്ളോഗർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. കോഴിക്കോട് നിന്നും ഡൽഹിയിലേക്ക് പോകുന്ന ട്രെയിനിൽ വച്ചായിരുന്നു സംഭവം. ട്രെയിനിൽ യാത്ര ചെയ്തപ്പോൾ തനിക്ക് ഉണ്ടായതിൽ വച്ച് ഏറ്റവും ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു അതെന്നായിരുന്നു യുവതി വീഡിയോയിലൂടെ പറയുന്നത്.
മണാലിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഞെട്ടിക്കുന്ന സംഭവം. ഗ്രൂപ്പായി യാത്ര ചെയ്തിരുന്ന യുവതികളോടാണ് ഒരു യാത്രക്കാരൻ പട്ടാപകൽ ലൈംഗികാതിക്രമ ശ്രമങ്ങൾ നടത്തിയത്. യാത്രയ്ക്കിടെ തങ്ങളുടെ ഗ്രൂപ്പിലുണ്ടായിരുന്ന ഒരു കുട്ടിയെ ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഒപ്പമുണ്ടായിരുന്നവർ പ്രതികരിക്കുകയും ഇയാളെ ബലം പ്രയോഗിച്ച് മറ്റൊരു ബോഗിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ അവിടെയെത്തിയ ഇയാൾ ആ ബോഗിയിലെ ഒരു സ്ത്രീയുടെ നേരെയും അതിക്രമത്തിന് ശ്രമിച്ചു. ഇതോടെ യാത്രക്കാർ ഇയാളെ കൈകാര്യം ചെയ്തു.
കനത്ത മർദ്ദനമേറ്റിട്ടും ഇയാൾക്ക് ഒരു കൂസലുമില്ല . അതുവഴി കടന്നുപോകുന്ന സ്ത്രീകളെ നോക്കി ചിരിക്കുന്നതും, അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിലുള്ള നോട്ടവും പെരുമാറ്റവുമായിരുന്നു തുടർന്നും ഇയാളിൽ നിന്നും ഉണ്ടായത്. ഇതോടെ തങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു യുവതിയുടെ കൈവശമുണ്ടായിരുന്ന പെപ്പർ സ്പ്രേ ഉപയോഗിച്ച് ഇയാളുടെ കണ്ണിൽ പ്രയോഗിച്ചു. അപ്പോഴും ഇയാൾക്ക് താൻ ചെയ്തതിന്റെ ഗൗരവം എന്താണെന്ന് മനസിലാക്കാൻ സാധിച്ചില്ല.
കൂട്ടായി യാത്ര ചെയ്തതു കൊണ്ടു മാത്രമാണ് ഇയാളെ പിടിച്ചു നിർത്താൻ കഴിഞ്ഞതെന്നും, ഒരു സ്ത്രീ ഒറ്റയ്ക്കായിരുന്നെങ്കിൽ ഇയാൾ എല്ലാ അതിക്രമങ്ങളും നടത്തിയേനെ എന്നും യുവതി അഭിപ്രായപ്പെട്ടു.
ഇത്തരം സാമൂഹ്യവിരുദ്ധർ പക്കാ ഗോവിന്ദാച്ചാമിയുടെ വേറൊരു പതിപ്പാണ്. അതുപോലെ ഇങ്ങനെയുള്ളവരെ ചപ്പാത്തിയും ചോറും കൊടുത്ത് വളർത്തുന്നത് കാരണം ഇവന്മാർക്കൊന്നും ആരെയും പേടിയുമില്ല. എന്തൊക്കെ കുറ്റം ചെയ്താലും ഇത്തരക്കാരെ സംരക്ഷിച്ച് തീറ്റിപോറ്റി നടക്കാനും ഒരുപട് പേർ ഉണ്ടെന്നുള്ളതു കൊണ്ടാണ് ഇവർക്ക് പേടിയില്ലാത്തതെന്നും യുവതി ചൂണ്ടികാണിക്കുന്നു.
വീട്ടിൽ അടങ്ങിയൊതുങ്ങി ഇരുന്നാൽ പോരെ എന്തിനാണ് ഇങ്ങനെ ഇറങ്ങി നടക്കുന്നതെന്ന് പറയുന്നവരോട് ഒരു കാര്യമേ പറയാനുള്ളു തങ്ങൾക്ക് യാത്ര ചെയ്യണം സ്ഥലങ്ങൾ കാണുകയും പുതിയ കാര്യങ്ങൾ പഠിക്കുകയും വേണം. അത് കൊണ്ട് ഇതുപോലെയുള്ളവരെ പേടിച്ചിട്ട് യാത്ര ചെയ്യാതിരിക്കാൻ പറ്റില്ലെന്നും യുവതി വീഡിയോയിലൂടെ കൂട്ടിച്ചേർത്തു.
Source link


