‘കല്യാണങ്ങൾക്ക് അച്ഛനെ കൈ പിടിച്ചു കൊണ്ടുപോയി, ചോറുരുള വാരി കൊടുത്തു’, അമ്മയുടെ സ്നേഹത്തെക്കുറിച്ച് മോഹൻലാൽ അന്ന് പറഞ്ഞത്

ഏറെ നാളത്തെ രോഗബാധയ്ക്ക് പിന്നാലെ എളമക്കരയിലെ മോഹൻലാലിന്റെ വസതിയിൽ വച്ചായിരുന്നു അമ്മ ശാന്തകുമാരിയുടെ അന്ത്യം. അമ്മയുടെ സ്നേഹത്തിന്റെ കഥകൾ മുൻപ് പലതവണ മോഹൻലാൽ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. മുൻപ് ഒരു മാദ്ധ്യമത്തോട് ലാൽ അതിനെക്കുറിച്ച് മനസ് തുറന്നു. മറവി രോഗം മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർക്ക് ബാധിച്ചപ്പോൾ അമ്മ അതിനെ എങ്ങനെ കൈകാര്യം ചെയ്തു എന്നതാണ് ലാൽ പങ്കുവച്ചത്. അന്ന് അച്ഛന് രോഗംവന്നപ്പോൾ ആദ്യമത് തിരിച്ചറിഞ്ഞത് അമ്മയാണ്. അക്കാലത്ത് മറവി രോഗം വന്നവരെ വീടിനുപുറത്ത് കൊണ്ടുപോകാൻ തയ്യാറായിരുന്നില്ല. എന്നാൽ ആ കാലത്തും അമ്മ അച്ഛനെ കല്യാണങ്ങൾക്കും ആഘോഷങ്ങൾക്കും കൈപിടിച്ച് കൊണ്ടുപോകും.
ഓരോ കാര്യങ്ങളും വീണ്ടും വീണ്ടും പറഞ്ഞുകൊടുക്കും, ചോറുരുള വാരിക്കൊടുക്കുകയും ചെയ്യുമായിരുന്നു അമ്മയെന്നും മോഹൻലാൽ ഓർക്കുന്നു. ഒരു കുട്ടിയോടെന്നപോലെ അച്ഛനോട് സംസാരിക്കും. തന്റെ സിനിമകാണാൻ അമ്മയും താനും ചേർന്നാണ് അച്ഛന്റെ കൈപിടിച്ച് കൊണ്ടുപോയത്. എന്നാൽ അതൊന്നും അച്ഛൻ അറിയുന്നില്ലായിരുന്നു. എങ്കിലും അമ്മയ്ക്കത് വലിയ സന്തോഷമുള്ള കാര്യമായിരുന്നു. അമ്മയുടെ ഒരു കൈ അച്ഛന്റെ കൈയിൽ പിടിച്ചിരിക്കുന്നത് തീയേറ്ററിലെ ഇരുട്ടിലും താൻ കണ്ടു. കല്യാണം കഴിഞ്ഞകാലത്തെന്നപോലെ അച്ഛനോടൊപ്പമിരുന്ന് അമ്മ സിനിമ കണ്ടു. ഓരോന്നും പറഞ്ഞുകൊടുത്തു. ‘ഇതൊന്നും ആരും പറഞ്ഞുകൊടുത്ത് ചെയ്യിച്ചതല്ല. അമ്മയ്ക്കതെല്ലാം അറിയാമായിരുന്നു. ആരാണിതെല്ലാം അമ്മയെ പഠിപ്പിച്ചത്. ഒരമ്മയെയും ആരും ഒന്നും പഠിപ്പിക്കേണ്ട..അതാണ് അമ്മ.’ ലാൽ പറയുന്നു.
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി മോഹൻലാലിന്റെ എളമക്കരയിലെ വീട്ടിൽ കഴിയവെയാണ് ഇന്ന് ശാന്തകുമാരിയുടെ അന്ത്യം. ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം നേടിയ ശേഷം കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെയായിരുന്നു. അമ്മയുടെ കഴിഞ്ഞ പിറന്നാൾ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് മോഹൻലാൽ ആഘോഷമാക്കിയിരുന്നു.
Source link



