CINEMA

‘ഉർവശിയുടെ സഹോദരൻ കോമയിലായതോടെ പ്രമുഖ സീരിയൽ നടി ബന്ധം വേർപെടുത്തി’; ദുർവിധിയെക്കുറിച്ച് സംവിധായകൻ

അടുത്തിടെയാണ് നടി ഉർവശിയുടെ സഹോദരൻ കമൽ റോയി ഹൃദയസ്തംഭനം മൂലം അന്തരിച്ചത്. ഉർവശിയുടെ മറ്റുസഹോദരങ്ങളായ നടി കല്പനയും നടനായ നന്ദുവും മരണപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴിതാ അവരുടെ കുടുംബത്തിലുണ്ടായ ചില ദാരുണമായ സംഭവങ്ങളെക്കുറിച്ച് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. ഉർവശിയുടെ കുടുംബവുമായി താൻ അടുത്ത ബന്ധമാണ് പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഉർവശിയുടെ ഇളയസഹോദരൻ പ്രിൻസെന്ന നന്ദുവിന്റെ മരണത്തിലും ചില ദുരൂഹതകളുണ്ട്. സിൽക്ക് സ്മിത നായികയായ ലയനം എന്ന സിനിമയിൽ നന്ദുവാണ് പ്രധാന വേഷത്തെ അവതരിപ്പിച്ചത്. സിൽക്ക് സ്മിതയും നന്ദുവും അവസാനം ജീവനൊടുക്കുന്നതാണ് ചിത്രത്തിലുള്ളത്. അതുപോലെയായിരുന്നു അവരുടെ ജീവിതത്തിലും സംഭവിച്ചത്. കൗമാരപ്രായത്തിലാണ് നന്ദു ജീവനൊടുക്കിയത്. ഇന്നും അയാളുടെ മരണത്തിനുപിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് ആർക്കും അറിയില്ല.

ഞാൻ 2006ൽ ഒരു സ്വകാര്യ ചാനലിൽ പ്രോഗ്രാം ഓഫീസറായി ജോലി ചെയ്തിരുന്നു. ആ സമയത്ത് കല്പന എന്നെ വിളിച്ചു. അവരുടെ സഹോദരൻ കമൽ റോയിക്ക് ചാനലിൽ ഒരു ജോലി നൽകാമോയെന്ന് ചോദിച്ചു. ഞാൻ എംഡിയോട് ചോദിച്ചിട്ട് തിരികെ വിളിക്കാമെന്ന് കല്പനയ്ക്ക് ഉറപ്പുനൽകി. ആ സമയത്ത് കമലിന്റെ അവസ്ഥ കുറച്ച് മോശമായിരുന്നു. ആദ്യവിവാഹബന്ധം വേർപെടുത്തി സീരിയൽ താരമായ രേഖയെ വിവാഹം കഴിച്ച സമയമായിരുന്നു. രേഖയുമായുള്ള വിവാഹത്തെ ആരും എതിർത്തിരുന്നില്ല. അവർ അന്ന് അത്യാവശ്യം തിരക്കുള്ള ഒരു നടിയായിരുന്നു.

ചാനലിന്റെ എംഡി കമലിന് ജോലി നൽകാൻ റെഡിയാണെന്ന് എന്നെ അറിയിച്ചു. ഞാനത് കല്പനയെ വിളിച്ച് അറിയിക്കുകയും ചെയ്തു. എംഡിയെ കാണാൻ ഉറപ്പായും എത്താമെന്ന് കമൽ എന്നെ വിളിച്ചുപറഞ്ഞു. യാത്രയ്ക്കിടയിൽ കമലിനെ ആരോ ആക്രമിച്ചു. വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. ചോരയിൽ കുളിച്ചുകിടന്ന കമലിന്റെ ഫോണിലേക്ക് ആ സമയം നടൻ മനോജ് കെ ജയൻ വിളിച്ചു. പൊലീസാണ് മനോജിനോട് എല്ലാ കാര്യങ്ങളും പറഞ്ഞത്. അങ്ങനെ കമൽ ആറ് മാസം കോമയിൽ കിടന്നു. വീട്ടിലേക്ക് കൊണ്ടുവന്ന കമലിനെ ഞാൻ കാണാൻ പോയി. അന്ന് വീട്ടിൽ രേഖയുമുണ്ടായിരുന്നു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞ് അവർ ആ ബന്ധം വേർപെടുത്തി വേറൊരു വിവാഹം കഴിച്ചുപോയി’- അഷ്‌റഫ് പറഞ്ഞു.


Source link

Related Articles

Back to top button