CINEMA

പറഞ്ഞ വാക്കുപാലിച്ച് തിരുവനന്തപുരം മേയർ; സ്വന്തം വാർഡിൽ നിന്നടക്കം ഇലക്‌ട്രിക് ബസ് സർവീസ് തുടങ്ങി

തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തിൽ മഞ്ഞുരുകി കോർപ്പറേഷനും ഗതാഗത വകുപ്പും. നഗരത്തിലെ ഇടറോഡുകളിൽ ഇലക്ട്രിക് ബസുകൾ സർവീസ് പുനഃരാരംഭിച്ചു. തിരുവനന്തപുരം മേയർ വി വി രാജേഷിന്റെ വാർഡായ കൊടുങ്ങാനൂരിൽ ഇന്നുരാവിലെയായിരുന്നു ഉദ്ഘാടനം. മേയറാണ് ഫ്ളാഗ് ഓഫ് നിർവഹിച്ചത്. ഉദ്ഘാടനശേഷം അദ്ദേഹം ബസിൽ സഞ്ചരിച്ചു.

ഉദ്ഘാടനത്തിനുപിന്നാലെ കിഴക്കേക്കോട്ടയിലേയ്ക്കും തിട്ടമംഗലത്തേയ്ക്കും രണ്ട് ബസുകൾ സർവീസ് നടത്തി. കൊടുങ്ങാനൂർ വാർഡിലെ കുലശേഖരത്തുനിന്ന് കുരുവിക്കാട്, തിട്ടമംഗലം, കുന്നൻപാറ, കുണ്ടമൺകടവ് വഴി കിഴക്കേക്കോട്ടയിലേയ്ക്കാണ് ബസ് സർവീസ് നടത്തുന്നത്. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും സർവീസ് നടത്തുക. കെഎസ്‌ആർടിസി സർവീസില്ലാത്ത വഴികളിലാണ് നിലവിൽ ഇലക്ട്രിക് ബസുകൾ ഓടുന്നത്.

ഇടറോഡുകളിൽ ഇലക്‌ട്രിക് ബസുകൾ സർവീസ് നടത്തുന്നത് സാധാരണക്കാർക്ക് ഏറെ ഗുണകരമാകുമെന്ന് മേയർ വി വി രാജേഷ് പറഞ്ഞു. 29 കൗൺസിലർമാരാണ് ആദ്യഘട്ടത്തിൽ സർവീസ് ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഗതാഗത മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ 23 റൂട്ടുകളിലാണ് ആദ്യം സർവീസ് നടത്തുന്നത്. ഗതാഗത വകുപ്പുമായി വീണ്ടും ചർച്ച നടത്തി കൂടുതൽ സർവീസ് ഉറപ്പാക്കുമെന്നും മേയർ വ്യക്തമാക്കി.

‘തിരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ഗ്രാമീണ വാർഡുകളിൽ നിന്ന് ഉയർന്നുവന്ന ആവശ്യങ്ങളിലൊന്നുകൂടി യാഥാർത്ഥ്യമാകുന്നു. ഇടറോഡുകളിൽ ഇലക്ട്രിക് ബസുകൾ ഇന്നു മുതൽ വീണ്ടും ഓടിത്തുടങ്ങും. ആദ്യ സർവ്വീസ് കൊടുങ്ങാനൂർ വാർഡിലെ കുലശേഖരത്ത് നിന്ന് ഇന്ന് രാവിലെ 7.30 ന് ആരംഭിച്ചു. ജനങ്ങളുടെ ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരിഹരിയ്ക്കുവാൻ തയ്യാറായ ഗതാഗത വകുപ്പിനും ബഹു:മന്ത്രിയ്ക്കും നന്ദി’- മേയർ ഫേസ്‌ബുക്കിലും കുറിച്ചു.


Source link

Related Articles

Back to top button