കറാച്ചിയിൽ യുഎസ് കോൺസുലേറ്റിന് നേരെ പ്രതിഷേധം; എട്ടു മരണം, നിരവധി പേർക്ക് പരിക്ക്

കറാച്ചി: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ വധത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള യുഎസ് കോൺസുലേറ്റിന് നേരെ നടന്ന മാർച്ചിൽ സംഘർഷം. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ടുപേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഭൂരിഭാഗം പേർക്കും വെടിയേറ്റാണ് പരിക്ക്.
ഇന്ന് ഉച്ചയോടെ നൂറുകണക്കിന് പ്രക്ഷോഭകാരികൾ കോൺസുലേറ്റ് ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. കോൺസുലേറ്റിന്റെ പ്രധാന കവാടം തകർത്ത് അകത്തുകയറിയ യുവാക്കളടങ്ങുന്ന സംഘം കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും വെടിയുതിർക്കുകയും ചെയ്തു.
കൊല്ലപ്പെട്ട എട്ടുപേരുടെയും മൃതദേഹങ്ങൾ കറാച്ചിയിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായി ഈദി ഫൗണ്ടേഷൻ വക്താവ് മുഹമ്മദ് അമിൻ സ്ഥിരീകരിച്ചു. കറാച്ചിക്ക് പുറമെ ലാഹോർ, സ്കർദു എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്. ഇസ്ലാമാബാദിലെ നയതന്ത്ര മേഖലയിലും വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
അയത്തൊള്ള അലി ഖമനേയിയുടെ മരണത്തെത്തുടർന്ന് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച ഇറാഖിലും സ്ഥിതിഗതികൾ അശാന്തമാണ്. ബാഗ്ദാദിലെ അതീവസുരക്ഷാ മേഖലയായ ഗ്രീൻ സോണിൽ സ്ഥിതി ചെയ്യുന്ന യുഎസ് എംബസിക്ക് നേരെയും പ്രതിഷേധക്കാർ ഇരച്ചുകയറാൻ ശ്രമിച്ചു. ഖമനേനി കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഖമനേനിയുടെ മരണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചടിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.
Source link



