‘കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ ശക്തമായ നടപടിയുണ്ടാകും’; പാചകവാതക പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: കേരളത്തിലെ പാചകവാതക പ്രതിസന്ധിയിൽ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു ചേർത്തെന്ന് മന്ത്രി ജി ആർ അനിൽ. ഇന്നുമുതൽ ബുക്കിംഗിനെ സംബന്ധിച്ച് ആശങ്കയുണ്ടാകില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഗാർഹിക സിലിണ്ടറിൽ ആശങ്ക വേണ്ടെന്നാണ് പൊതുമേഖല എണ്ണ കമ്പനികൾ പറയുന്നതെന്നും മന്ത്രി അറിയിച്ചു.ഗാർഹികേതര സിലിണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. ഇതിനായി മുൻഗണന പട്ടികകൾ തയ്യാറാക്കും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ ശക്തമായ നടപടി ഉണ്ടാകും. മണ്ണെണ്ണയുടെ വിഹിതം കൂട്ടുമെന്നും ഉടൻ ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എൽപിജിക്ക് പകരം മറ്റ് ഇന്ധനങ്ങൾ കൂടി ഉപയോഗിക്കാൻ ഹോട്ടൽ റെസ്റ്റോറന്റ് മേഖലയ്ക്ക് നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത നിയന്ത്രിച്ചതോടെ ബദൽ സംവിധാനങ്ങൾക്കും സർക്കാർ അനുവാദം നൽകി. സംസ്ഥാനങ്ങൾക്ക് നാൽപതിനായിരം ലിറ്റർ അധിക മണ്ണെണ്ണ നൽകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൽക്കരി ലഭ്യത കൂടുതലാക്കാനും നടപടികൾ തുടങ്ങിയെന്ന് മന്ത്രാലയം അറിയിച്ചു.
Source link



