test del 3
കരാർ ഇല്ലെങ്കിലും ഹോർമുസ് തുറക്കും: ഇറാന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ∙ ഇറാനുമായി കരാർ ഉണ്ടായാലും ഇല്ലെങ്കിലും ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള നിർണായക ചർച്ചകൾ ഇന്ന് പാക്കിസ്ഥാനിൽ നടക്കാനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം.ഇക്കാര്യത്തിൽ വളരെ വേഗത്തിൽ നടപടിയെടുക്കുമെന്നും വൈകുകയാണെങ്കിൽ നിർണായകമായ തീരുമാനങ്ങൾ സ്വീകരിക്കാനുള്ള സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ നാവികസേനയും വ്യോമസേനയും വ്യോമ പ്രതിരോധ സംവിധാനങ്ങളും നേതാക്കളും എല്ലാം ഇല്ലാതായെന്നും അതിനാൽ ചർച്ചകളുടെ ഫലം എന്താകുമെന്ന് കാണാമെന്നും ട്രംപ് പറഞ്ഞു.ഇറാൻ–യുഎസ് ചർച്ച ഇന്നു രാവിലെ ഇസ്‌ലാമാബാദിൽ ആരംഭിക്കും. ചർച്ചയിൽ യുഎസ് സംഘത്തെ നയിക്കുന്ന വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഇസ്‌ലാമാബാദിലേക്ക് പുറപ്പെട്ടു. ട്രംപിന്റെ മരുമകൻ ജറീദ് കഷ്നറും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും സംഘത്തിലുണ്ട്. 2011നുശേഷം ആദ്യമായാണ് ഒരു യുഎസ് വൈസ് പ്രസിഡന്റ് പാക്കിസ്ഥാൻ സന്ദർശിക്കുന്നത്. ഇറാൻ സംഘവും ഇസ്‌ലാമാബാദിലെത്തി. ഇറാനെ പ്രതിനിധീകരിക്കുക പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫായിരിക്കും. ഇറാൻ മുന്നോട്ടുവച്ച പത്തിന പദ്ധതിയുടെ അടിസ്ഥാനത്തിലാണു ചർച്ച. ഇറാനെ ഇനി ആക്രമിക്കില്ലെന്ന ഉറപ്പ്, ഹോർമുസ് കടലിടുക്കിനുമേലുള്ള നിയന്ത്രണാവകാശം, പശ്ചിമേഷ്യയിൽനിന്നു യുഎസ് സേനാ പിന്മാറ്റം തുടങ്ങിയ ആവശ്യങ്ങളാണ് ഇറാന്റെ പത്തിന പദ്ധതിയിലുളളത്.
Source link

