കണ്ണൂർ ഇരിക്കൂറിൽ ചെങ്കല്ലുമായി പോയ ലോറി പള്ളിയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

കണ്ണൂർ: ചെങ്കല്ലുമായി വന്ന ലോറി പള്ളി വളപ്പിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കണ്ണൂർ ഇരിക്കൂറിലാണ് അപകടം ഉണ്ടായത്. കല്യാട് നിന്ന് കല്ലുമായി വന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് പള്ളിയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ലോറി തലകീഴായി മറിഞ്ഞതോടെ ഡ്രൈവർ കാബിനുള്ളിൽ കുടുങ്ങി.
മട്ടന്നൂർ അഗ്‌നിരക്ഷാസേനയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. ലോറി ഉയർത്താനായി സ്ഥലത്തെത്തിച്ച ക്രെയിൻ തകരാറിലായതോടെ രക്ഷാദൗത്യം അല്പനേരം തടസപ്പെട്ടു. മറ്റൊരു സംവിധാനം ഉപയോഗിച്ച് ഡ്രൈവറെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറിയതിനെ തുടർന്ന് പള്ളി കെട്ടിടത്തിന്റെ ചുമർ തകർന്നു. കല്ലുകൾ ഇളകി വീണിട്ടുണ്ട്. ആ സമയം പള്ളിയിൽ ആരുമില്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി.
കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം ബോധാവസ്ഥയിലാണ്. പൊലീസിനോടും രക്ഷാപ്രവർത്തകരോടും ഡ്രൈവർ സംസാരിക്കുന്നുണ്ട്.സ്ഥലത്ത് ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഡ്രൈവറെ പുറത്തെടുത്താലുടൻ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലോറിയുടെ പിൻവശത്തെ ചില്ലുകൾ തകർത്ത് ഡ്രൈവറെ പുറത്തെടുക്കാനാണ് നിലവിൽ അഗ്നിശമനസേനാംഗങ്ങൾ ശ്രമിക്കുന്നത്.
Source link



