LATEST

ക്ലീനാണ് കോൺഗ്രസ്, രാഹുലിന് പാർട്ടി സംരക്ഷണമില്ല: സതീശൻ, ശബരിമല കൊള്ളയിൽ ജയിലിലായിട്ടും ആ പാർട്ടിയിൽ നേതാവായി തുടരുകയല്ലേ?

തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുമ്പോൾ,രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതും തുടർന്നുള്ള നടപടികളും കോൺഗ്രസിനും യു.ഡി.എഫിനും ഓർക്കാപ്പുറത്തേറ്റ പ്രഹരമായി. എന്നാൽ,അതിലൊന്നും പതറാതെ കൃത്യവും വ്യക്തവുമായി നിലപാട് വിശദീകരിക്കുകയാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.

?പ്രതിപക്ഷനേതാവ് ഒളിച്ചുനടക്കുകയാണോ

ഞാനിവിടെത്തന്നെയുണ്ട്. രാഹുലിനെതിരെ അർഹിക്കുന്ന നടപടി പാർട്ടി സ്വീകരിച്ചിട്ടുണ്ട്. അത് പാർട്ടി പ്രസിഡന്റ് വ്യക്തമാക്കിയതുമാണ്. വി.ഡി. സതീശൻ പറയട്ടെ എന്നതിൽ കാര്യമില്ല. ഒരു പരാതിയുമില്ലാതെ ആരോപണമുണ്ടായപ്പോൾ രാഹുലിനെ സസ്‌പെൻഡ് ചെയ്ത പാർട്ടിയാണ് കോൺഗ്രസ്. ഇപ്പോൾ പാർട്ടിയുടെ ഒരു സ്ഥാനത്തുമില്ല. പക്ഷേ,ശബരിമലയിൽ അയ്യപ്പനെ കൊള്ളചെയ്ത സി.പി.എം നേതാക്കൾ ജയിലിലാണല്ലോ. ആ പാർട്ടി എന്താണ് അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത്? ശബരിമലയിൽ നടന്ന കൊള്ള സി.പി.എം ജില്ലാകമ്മിറ്റി അംഗമായ മുൻ എം.എൽ.എയുടെ അറസ്റ്റ് കൊണ്ട് തീരുമോ. കോൺഗ്രസ് എന്നോ സസ്‌പെൻഡ് ചെയ്ത രാഹുലിന്റെ പേരുപറഞ്ഞ് വോട്ടാക്കാൻ ശ്രമിക്കുന്നത് പരാജയഭീതികൊണ്ടാണ്.

?പാലക്കാട്ട് രാഹുൽ പ്രചാരണം നയിച്ചില്ലേ

പാർട്ടി രാഹുലിന് ഈ തിരഞ്ഞെടുപ്പിൽ ഒരുത്തരവാദിത്വവും നൽകിയിട്ടില്ല. പ്രചാരണത്തിന് എവിടെയെങ്കിലും പോയിട്ടുണ്ടെങ്കിൽ സ്ഥാനാർത്ഥികളുടെ സൗഹൃദത്തിന്റെ പേരിലാവണം. അതിലൊന്നും കോൺഗ്രസിന് ഉത്തരവാദിത്വമില്ല.

?വോട്ടെടുപ്പ് അടുത്തിരിക്കേ കോൺഗ്രസ് വട്ടം കറങ്ങിയോ

അടിസ്ഥാന രഹിതമാണ് ചോദ്യം. മാറ്റി നിറുത്തിയ ആൾ എങ്ങനെ കോൺഗ്രസിനേയും യു.ഡി.എഫിനേയും വട്ടം കറക്കും. അയാളുമായി ബന്ധപ്പെട്ടുണ്ടുകുന്ന ഒരു പ്രശ്‌നത്തിനും പാർട്ടി എന്ന നിലയിൽ കോൺഗ്രസിന് ഉത്തരവാദിത്വമില്ല. തിരിച്ചൊന്ന് ചോദിക്കട്ടേ,മുകേഷ് എം.എൽ.എയ്ക്കെതിരെ ആരോപണമുയർന്നപ്പോൾ എന്ത് നടപടിയാണ് സി.പി.എം സ്വീകരിച്ചത്. അതും ബലാത്സംഗ കുറ്റമായിരുന്നില്ലേ. അവർക്കൊരു നീതിയും കോൺഗ്രസിന് മറ്റൊരു നീതിയുമാണോ. തിരഞ്ഞെടുപ്പിൽ വോട്ടാക്കാമെന്ന് സി.പി.എമ്മുകാർ കരുതുന്നെങ്കിൽ അത് നടക്കില്ല.

?പരാതിക്ക് പിന്നിൽ സി.പി.എമ്മിന്റെ ഗൂഢാലോചനയാണോ

അതൊന്നും പറയാൻ ഞാനാളല്ല. പരാതി വന്നു,കേസെടുത്തു. അന്വേഷണം നടക്കട്ടെ. നിരപരാധിയെങ്കിൽ അയാൾ പുറത്തുവരട്ടെ, അല്ലെങ്കിൽ അകത്ത് കിടക്കട്ടെ.

?സ്ത്രീപക്ഷ നിലപാടിൽ പുറകോട്ട് പോയോ


ഒരിക്കലുമില്ല. വർഷം എത്രകഴിഞ്ഞാലും ഒരു സ്ത്രീ നൽകിയ പരാതിയിൽ കഴമ്പുണ്ടെങ്കിൽ അതുമായി മുന്നോട്ടുപോകാം. അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നവരെ തടയുന്നത് കോൺഗ്രസ് രീതിയല്ല. അയ്യപ്പനെ കവർച്ച ചെയ്തവർ പാർട്ടി നേതൃസ്ഥാനത്ത് തുടരുകയല്ലേ. അവരുടെയൊന്നും വീടിന് കല്ലെറിയാനും കരി ഓയിലൊഴിക്കാനും ഞങ്ങൾ പോയിട്ടില്ല. നിയമവ്യവസ്ഥ എല്ലാവർക്കും ബാധകമാണെന്ന് ഒരിക്കൽകൂടി ഓർമ്മിപ്പിക്കുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button