LATEST

ഒ.പി.എസ് ഇനി ഡി.എം.കെയിൽ; ബോഡിനായ്ക്കന്നൂരിൽ സ്ഥാനാർത്ഥി

ചെന്നൈ: ജയലളിതയുടെ വിശ്വസ്തനും മുഖ്യമന്ത്രിയും ആയിരുന്ന ഒ.പനീർശെൽവം ഡി.എം.കെയിൽ ചേർന്നു. അണ്ണാ ഡി.എം.കെയുടെ മുൻ ജനറൽ സെക്രട്ടറികൂടിയാണ്.

തേനിയിലെ ബോഡിനായ്ക്കന്നൂർ എം.എൽ.എ സ്ഥാനം രാജിവച്ചു. ഏപ്രിലിലെ തിരഞ്ഞെടുപ്പിൽ ഇവിടെ ഡി.എം.കെ ടിക്കറ്റിൽ മത്സരിക്കും. അദ്ദേഹത്തിന്റെ മകനും മുൻ എം.പിയുമായ രവീന്ദ്രനാഥും എം.എൽ.എ അയ്യപ്പൻ ഉൾപ്പെടെയുള്ള അനുയായികളും ഡി.എം.കെയിൽ ചേർന്നു.

അണ്ണാ ഡി.എം.കെയിൽ തിരിച്ചെത്താനുള്ള എല്ലാശ്രമവും പരാജയപ്പെട്ടതോടെയാണ് ഡി. ഡി.എം.കെയിൽ ചേരാൻ തീരുമാനിച്ചത്.

ഒ.പി.എസ് ഇന്നലെ രാവിലെ മന്ത്രി ശേഖർ ബാബുവിനെയാണ് ആദ്യം കണ്ടത്. ഇരുവരും ഒരേ കാറിൽ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലെത്തി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സ്വീകരിച്ചു.

അധികാര വടംവലിയിൽ പുറത്ത്

ജയലളിത അന്തരിച്ചശേഷം മുഖ്യമന്ത്രിയാകാനുള്ള തന്ത്രപരമായ നീക്കത്തിൽ ശശികലയുടെ പിന്തുണയോടെ വിജയിച്ചത് എടപ്പാടി പളനിസാമിയായിരുന്നു. പിന്നീട് ഇ.പി.എസും ഒ.പി.എസും ഒന്നിച്ച് ശശികലയെ പുറത്താക്കി. ഇരുവരും തുല്യപ്രധാന്യമുള്ള ജനറൽ സെക്രട്ടറിമാരായി തുടർന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അഭിപ്രായ ഭിന്നത മറനീക്കി. ഒ.പി.എസിനെ ഇ.പി.എസ് പുറത്താക്കി.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയിൽ നിന്ന് ഇ.പി.എസ് പിൻമാറിയെങ്കിലും ഒ.പി.എസ് വിഭാഗം അതിൽ തുടർന്നു. രാമനാഥപുരം മണ്ഡലത്തിൽ പനീർശെൽവം മത്സരിച്ചുവെങ്കിലും തോറ്റു.

തിരിച്ചെത്തിക്കാൻ

ബി.ജെ.പിയും ശ്രമിച്ചു

എൻ.ഡി.എയിൽ അണ്ണാ ഡി.എം.കെ തിരിച്ചെത്തിയപ്പോൾ ഒ.പി.എസിനെ പരിഗണിക്കണമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇ.പി.എസ് വഴങ്ങിയില്ല.

ഇതിനിടെ ഒ.പി.എസ് പക്ഷത്തെ മുൻ എം.എൽ.എമാരായ മനോജ് പാണ്ഡ്യനും വൈത്തിലിംഗവും ഡി.എം.കെയിലേക്ക് പോയി. കെ.പി.കൃഷ്ണനും ജെ.സി.ഡി. പ്രഭാകറും ടി.വി.കെയിലേക്കു പോയി. എം.പി ധർമ്മർ ഇ.പി.എസ് പക്ഷത്തേക്ക് മടങ്ങി. ഈ സാഹചര്യത്തിൽ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ ഡി.എം.കെയിലേക്കു പോവുകമാത്രമായിരുന്നു ഒ.പി.എസിന്റെ മുന്നിലെ വഴി.


Source link

Related Articles

Back to top button