LATEST

ഒറ്റ രാത്രികൊണ്ട് ആറ് ലക്ഷം പേര്‍ക്ക് വൈദ്യുതിയില്ലാതായി; അഞ്ച് ലക്ഷം നഗരത്തില്‍ മാത്രം

കീവ്: റഷ്യ നടത്തിയ ആക്രമണത്തില്‍ ഒറ്റ രാത്രികൊണ്ട് യുക്രെയ്‌നില്‍ വൈദ്യുതി ഇല്ലാതായത് ആറ് ലക്ഷം പേര്‍ക്ക്. ഇതില്‍ അഞ്ച് ലക്ഷം പേരും തലസ്ഥാനമായ കീവ് നഗരത്തില്‍ ജീവിക്കുന്നവരാണ്. ബാക്കി ഒരു ലക്ഷത്തോളം പേര്‍ നഗരത്തിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്. യുക്രെയ്ന്‍ ഊര്‍ജ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളാണ് വൈദ്യുതി വിതരണ സംവിധാനങ്ങളെ താറുമാറാക്കിയത്.

രാജ്യത്തുടനീളം റഷ്യയുടെ ഭാഗത്ത് നിന്ന് വ്യാപകമായി ആക്രമണം നടന്നുവെന്നാണ് സ്ഥിരീകരണം. 36 മിസൈലുകളും 600 ഡ്രോണുകളും വിക്ഷേപിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. റഷ്യയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും യുക്രെയ്ന്‍ പറഞ്ഞു. അമേരിക്കയുമായി ചര്‍ച്ച നടത്തി സമാധാനക്കരാറിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇത് മേഖലയില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്.

ഊര്‍ജ വിതരണ സംവിധാനത്തിന് പുറമേ ചില ജനവാസ മേഖലകളേയും റഷ്യന്‍ ആക്രമണം ബാധിച്ചുവെന്നും ഏതാനും റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചുവെന്നും കീവ് മേയര്‍ പ്രതികരിച്ചു. സമാധാന കരാര്‍ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും യുക്രേനിയന്‍ സിവിലിയന്‍, ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണം റഷ്യ ശക്തമാക്കിയിട്ടുണ്ട്. യുക്രെയ്‌ന്റെ സൈനിക-വ്യാവസായിക സംരംഭങ്ങള്‍ക്കും അവയുടെ പ്രവര്‍ത്തനത്തെ പിന്തുണക്കുന്ന ഊര്‍ജ സൗകര്യങ്ങള്‍ക്കും നേരെ ഒരു വലിയ ആക്രമണം ആരംഭിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button