LATEST

ഒറ്റ ദിവസം മാത്രം വില കൂടി, പിറ്റേന്ന് സ്വര്‍ണം വീണ്ടും ഇടിഞ്ഞു; ശരിക്കും സംഭവിച്ചതെന്ത്?


കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധ തീവ്രതയില്‍ അയവില്ലാത്തതിനാല്‍ രാജ്യാന്തര വിപണിയില്‍ നിക്ഷേപകര്‍ വീണ്ടും സ്വര്‍ണത്തെ കൈവിടുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥിരതയില്ലാത്ത നിലപാടുകളും വിപണിയെ ആശങ്കയിലാക്കുന്നു. ഇറാനുമായി വെടിനിറുത്തലിന് അരങ്ങോരുങ്ങിയെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്നലെ തിരുത്തല്‍ ശക്തമായി. സിംഗപ്പൂര്‍ വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 4,450 ഡോളറലേക്കാണ് താഴ്ന്നത്. നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് അമേരിക്കന്‍ ഡോളര്‍, ബോണ്ടുകള്‍ എന്നിവയിലേക്ക് മാറിയതാണ് വിലയിടിവിന് കാരണം.
പശ്ചിമേഷ്യയിലെ യുദ്ധം അനിശ്ചിതമായി നീണ്ടാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 96 വരെ കുറഞ്ഞേക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നിലവില്‍ ഇന്ത്യയില്‍ ഇന്ധന പ്രതിസന്ധിയില്ലെങ്കിലും ഗള്‍ഫ് ക്രൂഡ്, പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതി സാധാരണ നിലയിലായില്ലെങ്കില്‍ രാജ്യത്തിന്റെ വ്യാപാര കമ്മി അപകടകരമായ തോതിലേക്ക് ഉയരും. ക്രൂഡിന്റെ വില ഒരു ഡോളര്‍ കൂടിയാല്‍ ഇന്ത്യയുടെ ഇറക്കുമതി ബാദ്ധ്യത 1,500 കോടി രൂപയിലധികം ഉയരും. റഷ്യ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ചെലവേറുമെന്നും അവര്‍ പറയുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് ഒരു ശതമാനം വരെ കുറയാനും ഇന്ധന പ്രതിസന്ധി കാരണമാകും.
രാജ്യത്തെ ഓഹരി നിക്ഷേപകര്‍ക്ക് കടുത്ത പരീക്ഷണമാണ് ഇറാന്‍ യുദ്ധം സൃഷ്ടിക്കുന്നത്. യുദ്ധം തീരുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഓഹരി വിപണിയില്‍ സജീവമായ ചെറുകിട നിക്ഷേപകര്‍ മുള്‍മുനയിലാണ്. അമേരിക്കയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും ഇറാന്‍ തള്ളിക്കളഞ്ഞതോടെ വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ഇനിയും കൂടിയേക്കും.


Source link

Back to top button