LATEST

ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം; വിഴിഞ്ഞത്തെ ഹോട്ടൽ അടച്ചുപൂട്ടി

കൊല്ലം: നിലമേലിൽ ഇന്നലെ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. നിലമേൽ സ്വദേശികളായ റഷീദ ബീവി (58), മരുമകൻ ഷാജി (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ തിരുവനന്തപുരം വിഴിഞ്ഞത്തെ മുഹിയുദ്ദീൻ പള്ളിക്ക് സമീപമുള്ള അസ്‌മാക്ക് എന്ന ഹോട്ടലിൽ നിന്ന് ഇവരുൾപ്പെടെ കുടുംബത്തിലെ ആറുപേർ ഭക്ഷണം കഴിച്ചിരുന്നു.

മീൻ വിഭവമാണ് ഇവർ കഴിച്ചതെന്നാണ് വിവരം. നാലുപേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ രണ്ടുപേർ മരണപ്പെടുകയായിരുന്നു. ഒരാളുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും മറ്റാരാളുടേത് പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഷാജിയുടെ ഭാര്യ സജിമോൾ (39) പാരിപ്പള്ളി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. ഇവർക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിവരം.

അതേസമയം, ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ മരണകാരണം ഭക്ഷ്യവിഷബാധയേറ്റതാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് വിഴിഞ്ഞത്തെ ഹോട്ടൽ പൊലീസ് പൂട്ടി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹോട്ടലിൽ ഉടൻ പരിശോധന നടത്തും. ഉച്ചയ്ക്ക് ശേഷം മാത്രം പ്രവർത്തിക്കുന്ന ഹോട്ടലാണിത്. ഇവിടെ ഏറെ പഴക്കമുള്ള മത്സ്യങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പേരിനുപോലും പരിശോധന നടത്താറില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.


Source link

Related Articles

Back to top button