എന്നെ വിമർശിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്; ഒരു സത്യം മാത്രമേ എനിക്ക് ചെയ്യാനാകൂ

മലയാളികൾക്ക് തന്നെ വിമർശിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. തന്നെ വളർത്തിയത് മലയാള സിനിമാ പ്രേക്ഷകരാണെന്നും അദ്ദേഹം വ്യക്തമാക്കി. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്നെ വളർത്തിയത് നിങ്ങളാണ്. അതുകൊണ്ട് എന്നെ വിമർശിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്. എന്റെ സിനിമയ്ക്കുവേണ്ടി ലുലു മാളിൽ വരുമ്പോൾ ഇത്രയും ജനം കൂടിനിൽക്കുന്നത് എന്നോടുള്ള സ്നേഹവും, എന്നിലുള്ള പ്രതീക്ഷയും കൊണ്ടല്ലേ. അപ്പോൾ എന്നെ വിമർശിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്.
മോശമായാൽ മോശമെന്ന് പറയാനും എന്നിലെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കാനും ഏറ്റവും കൂടുതൽ അവകാശമുള്ളത് എന്നെ വളർത്തിയ മലയാള സിനിമാ പ്രേക്ഷകർക്ക് തന്നെയാണ്. ഒരു സത്യം മാത്രമേ എനിക്ക് ചെയ്യാനാകൂ. നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ് സിനിമയെ അഭിമുഖീകരിക്കുന്നത്. എന്റെ പരിമിതമായ കഴിവുകൾ പരിപൂർണമായും നൽകിവേണം ഓരോ സിനിമയും ചെയ്യാൻ എന്ന ആഗ്രഹം എനിക്കുണ്ട്. അത് ഞാൻ പരമാവധി പാലിക്കും.’- പൃഥ്വിരാജ് പറഞ്ഞു.
ഈ മാസം ഇരുപത്തിയൊന്നിനാണ് വിലായത്ത് ബുദ്ധ തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മാസും ആക്ഷനും നിറഞ്ഞ പക്കാ എന്റർടെയിനർ ആയിരിക്കും വിലായത്ത് ബുദ്ധ എന്നാണ് സൂചന.
Source link



