ഒരിക്കൽ ബോധം കെട്ട് വീണു, ഷോകളിലും അഭിമുഖങ്ങളിലും പങ്കെടുക്കാൻ ഭയം; ശ്രദ്ധനേടി രശ്മികയുടെ അഭിമുഖം

കന്നഡ സിനിമയിലൂടെ അഭിനയരംഗത്തെത്തി ഇന്ന് രാജ്യത്തുടനീളം ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. തെലുങ്ക്, തമിഴ്, കന്നഡ. ഹിന്ദി തുടങ്ങിയ ഭാഷകളിൽ സൂപ്പർ താരങ്ങളുമായി രശ്മിക ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ആർത്തവ സമയത്തുണ്ടാകുന്ന വേദനയെക്കുറിച്ച് താരം പറഞ്ഞ പരാമർശമാണ് ശ്രദ്ധേയമാകുന്നത്. സ്ത്രീകളുടെ ആർത്തവ വേദന പുരുഷന്മാർ മനസിലാക്കാൻ, അവരും ഒരു തവണയെങ്കിലും ആർത്തവം അനുഭവിക്കണമെന്ന് നടി പറഞ്ഞു. നടൻ ജഗപതി ബാബു അവതാരകനായ ‘ജയമ്മു നിശ്ചയമ്മു റാ’ എന്ന ടോക്ക് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് രശ്മികയുടെ പരാമർശം.
പുരുഷന്മാരും ആർത്തവം അനുഭവിക്കണമെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന് അവതാരകൻ ജഗപതി ബാബു ചോദിച്ചപ്പോഴാണ് രശ്മികയുടെ പ്രതികരണം. ‘അതെ. അവർ നമ്മുടെ വേദന അറിയാൻ വേണ്ടി ഒരു തവണയെങ്കിലും അവർക്ക് ആർത്തവം വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഹോർമോൺ വ്യതിയാനം കാരണം നമുക്ക് എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാക്കാൻ കഴിയാത്ത അവസ്ഥകൾ ഉണ്ടാവാറുണ്ട്. എത്ര വിശദീകരിച്ചാലും അവർക്ക് ആ അവസ്ഥ മനസിലാകാത്തതിനാൽ പുരുഷന്മാരുടെ മേൽ സമ്മർദ്ദം പ്രകടിപ്പിക്കാൻ കഴിയില്ല. അതിനാൽ, പുരുഷന്മാർക്ക് ഒരു തവണ ആർത്തവം വന്നാൽ, ആർത്തവത്തിൽ ഞങ്ങൾക്ക് ഉണ്ടാകുന്ന വേദനയെന്താണെന്ന് മനസിലാകും.’ രശ്മിക പറയുന്നു.
‘ആർത്തവ സമയത്ത് എനിക്ക് അത്രയും ഭീകരമായ വേദനയുണ്ടാകാറുണ്ട്, ഒരിക്കൽ ബോധം കെട്ട് വീണു. ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുകയും ചെയ്തു, പക്ഷേ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ല. എല്ലാ മാസവും ഞാൻ ആശ്ചര്യപ്പെടും, ‘ദൈവമേ, എന്തുകൊണ്ടാണ് എനിക്ക് മാത്രം ഇത്രയധികം യാതന അനുഭവിക്കേണ്ടി വരുന്നത്.. ശരിക്കും ആരെങ്കിലും സ്വയം അനുഭവിച്ചാൽ മാത്രമേ അത് മനസിലാക്കാൻ കഴിയൂ. അതുകൊണ്ടാണ് പുരുഷന്മാർക്ക് ഒരു തവണയെങ്കിലും ആർത്തവം വരണമെന്ന് ഞാൻ ചിന്തിച്ചത്.’ സ്വന്തം അനുഭവം പങ്കുവച്ച് താരം കൂട്ടിച്ചേർത്തു.
രശ്മികയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നത്. ചിലർ രശ്മിക പുരുഷന്മാരോട് മര്യാദ കാണിക്കുന്നില്ലെന്ന് വിമർശിച്ചു. അതേസമയം ഷോയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ രശ്മികയ്ക്ക് പിന്തുണ നൽകി.
‘പുരുഷന്മാരെ താഴ്ത്തിക്കെട്ടാനല്ല മറിച്ച് വേദനയും വികാരങ്ങളും മനസിലാക്കാനാണ് രശ്മിക അങ്ങനെ പറഞ്ഞത്, എന്നാൽ ചിലർ ഇത് വളച്ചൊടിച്ചു,’ എന്നായിരുന്നു ആരാധകന്റെ പ്രതികരണം. ‘ഇതിനെക്കുറിച്ചൊന്നും ആരും സംസാരിക്കില്ല. ഷോകളിലും അഭിമുഖങ്ങളിലും പങ്കെടുക്കാൻ എനിക്ക് ഭയമുണ്ടാക്കുന്നത് ഇതാണ്. ഞാൻ ഉദ്ദേശിക്കുന്നത് ഒന്നായിരിക്കും, പക്ഷെ ആളുകൾ അതിനെ മറ്റൊരർത്ഥത്തിലായിരിക്കും വ്യാഖ്യാനിക്കുക’. ആരാധകനുള്ള മറുപടിയായി രശ്മിക കുറിച്ചു.
Rashmika’s perspective on men having periods :))
Sometimes we only want our pain & emotions to be understood. It was never about comparison or diminishing male responsibilities.. but fragile egos chose to twist it that way pic.twitter.com/tF52o6ct45
— Shayla ⋆˙ (@bealive_79) November 11, 2025



