ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തി; കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കയ്യിലുണ്ടെന്ന് ബിജെപി നേതാവ്

kerala
തിരുവനന്തപുരം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയെന്ന ആരോപണവുമായി ബിജെപി നേതാവ് വയക്കൽ സോമൻ. തിരുവനന്തപുരത്ത് വച്ച് ഐഷാ പോറ്റി ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് സോമൻ ആരോപിക്കുന്നത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നാണ് സോമൻ അവകാശപ്പെടുന്നത്.
ഐഷാ പോറ്റി ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈശ്വര വിശ്വാസിയായിരുന്ന ഐഷ പോറ്റിയെ നിരീശ്വരവാദിയാക്കിയ പാർട്ടിയാണ് സിപിഎം. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഐഷ പോറ്റി മത്സരിക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സോമന്റെ പ്രതികരണം.
ഐഷാ പോറ്റി യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയാൽ എൽഡിഎഫിന് ശുഭപ്രതീക്ഷയുണ്ടായിരുന്ന കൊട്ടാരക്കരയിൽ പോരാട്ടം കടുക്കും. മണ്ഡലത്തിൽ വീണ്ടും അങ്കത്തിനിറങ്ങുന്ന മന്ത്രി കെഎൻ ബാലഗോപാൽ കഠിന പരീക്ഷണം നേരിടേണ്ടി വരും. രാഷ്ട്രീയത്തിന് അതീതമായ സ്വീകാര്യതയുണ്ട് ഐഷാ പോറ്റിക്ക് മണ്ഡലത്തിൽ. 2006ൽ ആർ ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ ഐഷാ പോറ്റി നിയമസഭയിലെത്തിയത്. 2011ലും 16ലും കൊട്ടാരക്കരയിൽ വിജയം ആവർത്തിച്ചു.
2000ത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്ത് കൊട്ടാരക്കര ഡിവിഷൻ പിടിക്കാനാണ് അന്ന് 42 വയസുള്ള ഐഷാ പോറ്റിയെ സി.പി.എം ആദ്യമായി കളത്തിലിറക്കിയത്. കൊട്ടാരക്കര കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ഐഷാ പോറ്റി ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ പ്രവർത്തകയായിരുന്നു. കൊട്ടാരക്കര ഡിവിഷനിൽ വിജയിച്ച ഐഷാ പോറ്റിയെ ഭരണസമിതിയുടെ അവസാന രണ്ടരവർഷം ജില്ല പഞ്ചായത്ത് പ്രസിഡന്റാക്കി. 2005ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അതേ ഡിവിഷനിൽ വീണ്ടും വിജയിച്ചു.
Source link


