‘ഏറ്റവും വലിയ വേദിയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടി, ഇക്കാര്യങ്ങൾക്ക് മറുപടി ഉണ്ടെങ്കിൽ സംവാദത്തിന് റെഡി’

കൊല്ലം: നിയമസഭയിലെ സംവാദത്തിൽ നിന്ന് ഒളിച്ചോടിയവരാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്രം കേരളത്തെ അവഗണിച്ചപ്പോൾ പ്രതിപക്ഷം ശബ്ദം ഉയർത്തിയോയെന്നും പിണറായി വിജയൻ ചോദിച്ചു. ‘വി ഡി സതീശന്റെ സംവാദ വെല്ലുവിളി വളരെ നല്ല കാര്യമാണ്. സംവാദത്തിനുള്ള ഏറ്റവും വലിയ വേദി നിയമസഭയാണ്. എന്നാൽ അവിടെ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നു. നിയമസഭയിൽ ചോദിച്ചാൽ മറുപടി കിട്ടുമെന്ന് അറിയാം. എന്നാൽ എന്താണ് സഭയിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയത്? കേരളത്തിന്റെ വികസനത്തിന് പ്രതിപക്ഷം എന്ത് പങ്കാണ് വഹിച്ചത്. കേന്ദ്രം കേരളത്തെ അവഗണിച്ചപ്പോൾ ശബ്ദം ഉയർത്തിയോ? ഇക്കാര്യങ്ങൾക്ക് എല്ലാം മറുപടി ഉണ്ടെങ്കിൽ സംവാദത്തിന് തയ്യാറാണ്. ബിജെപിയെ നോവിക്കരുതെന്ന സമീപനമാണ് യുഡിഎഫിന്റേത്. കേരളം കടക്കെണിയിൽ അല്ല. അതൊരു രാഷ്ട്രീയ പ്രചാരണം മാത്രമാണ്. ഉറച്ച സാമ്പത്തിക ഭദ്രത കേരളത്തിനുണ്ട്. നാടിന്റെ വികസനവും ക്ഷേമവും ഒരുമിച്ച് കൊണ്ടുപോകാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. എൽഡിഎഫിന്റെ കൃത്യമായ ദിശബോധമാണ് അതിന് കാരണം’- മുഖ്യമന്ത്രി പറഞ്ഞു.
Source link


