ഏറെക്കാലത്തിന് ശേഷം കർഷകർക്ക് ആശ്വാസം, വില 220 കടന്നു

കോട്ടയം : ഉത്പാദനം കുറഞ്ഞെങ്കിലും ഒരിടവേളയ്ക്ക് ശേഷം റബർവില 220 കടന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഷീറ്റിന് 25രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ആർ.എസ്.എസ് ഫോർ റബർ ബോർഡ് വില 221 ൽ എത്തിയെങ്കിലും വിപണിയിൽ ചരക്കിന് ക്ഷാമമുള്ളതിനാൽ 222- 223രൂപയ്ക്കാണ് ടയർ കമ്പനികൾക്കായി വൻകിട വ്യാപാരികൾ വാങ്ങിയത്. അന്താരാഷ്ട്രവിലയും കുതിക്കുകയാണ് ബാങ്കോക്ക് വില 230 കടന്ന സാഹചര്യത്തിൽ ആഭ്യന്തര വില അടുത്ത മാസം 250 വരെ എത്താം. ഒട്ടു പാലിന്റെ വിലയും ഉയർന്നിട്ടുണ്ട്. ഷീറ്റടിക്കാനുള്ള ചെലവ് കുറയ്ക്കാൻ പലരും ഒട്ടുപാലിനോട്താത്പര്യം കാട്ടുകയാണ്. കനത്ത ചൂടും ഇലപൊഴിച്ചിലും കാരണം ടാപ്പിംഗ് നിലച്ചു. താപനില ഉയർന്നതോടെ റബർ മരങ്ങളിൽ നിന്നുള്ള പാൽ ലഭ്യത കുറഞ്ഞു. റബർ ക്ഷാമം രൂക്ഷമായി. ഇതാണ് വില കൂടാൻ കാരണം.
ചെറുകിടകർഷകർക്ക് പ്രയോജനമില്ല
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 200 രൂപയുടെ ഉത്തേജക പാക്കേജ് അനുസരിച്ച് ഇപ്പോഴത്തെ വിലയിൽ 20 രൂപയ്ക്ക് മുകളിൽ ഇൻസെന്റീവ് കർഷകർക്ക് ലഭിക്കേണ്ടതാണെങ്കിലും ആവശ്യത്തിനു ചരക്കില്ലാത്തതിനാൽ വില വർദ്ധനയുടെ പ്രയോജനം ചെറുകിട കർഷകർക്ക് ലഭിക്കില്ല.. സാധാരണ കർഷകരുടെ കൈവശം ഷീറ്റ് സ്റ്റോക്കില്ല. ടാപ്പിംഗ് സമീപ കാലത്തൊന്നും സജീവമാകില്ല. വൻകിട തോട്ടമുടമകൾ ഷീറ്റ് ഉണക്കി സൂക്ഷിക്കുകയാണ്.
ഏറെക്കാലത്തിന് ശേഷമാണ് ഷീറ്റ്, ലാറ്റക്സ് വിലയിൽ വർദ്ധന. പക്ഷേ, ഉത്പാദനം കുറവാണ്. വില ഉയർന്നതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കണമെങ്കിൽ റബർ ഉത്തേജക പാക്കേജ് നിരക്കും ഉയർത്തണം.
-ജോബിൻ ജേക്കബ്, കർഷകൻ
Source link



