ഏപ്രിൽ 10ന് പേട്രിയറ്റ് ഇവന്റ് കൊച്ചിയിൽ

മലയാള സിനിമയുടെ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒരു വ്യാഴവട്ടത്തിനുശേഷം ഒന്നിച്ചഭിനയിക്കുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് പ്രീ റിലീസ് മെഗാ ഇവന്റ് ഏപ്രിൽ 10 ന് കൊച്ചിയിൽ അരങ്ങേറും.
മമ്മൂട്ടിയും മോഹൻലാലും നയൻതാരയും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ദർശന രാജേന്ദ്രനുമടക്കം മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് സിനിമയായ പേട്രിയറ്റിലഭിനയിച്ച ഒട്ടുമിക്ക താരങ്ങളും പങ്കെടുക്കും. പ്രീ റിലീസ് ഇവന്റ് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഇവന്റാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. അതേസമയം ഏപ്രിൽ 23 ന് തന്നെ പേട്രിയറ്റ് ലോക വ്യാപകമായി റിലീസ് ചെയ്യുമെന്നാണ് സൂചന.
ആദ്യ രണ്ടാഴ്ച നികുതി കഴിച്ച് 60 ശതമാനം വിഹിതം വേണമെന്ന് പേട്രിയറ്റിന്റെ നിർമ്മാതാക്കൾ ആവശ്യപ്പെട്ടതിനാൽ ഫിലിം എക്സിബിറ്റേഴ്സിന്റെ സംഘടനയായ ഫിയോക്ക് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്.
സാധാരണ ഒരു മലയാള സിനിമയ്ക്ക് ആദ്യ ആഴ്ചയിൽ 60 ശതമാനവും രണ്ടാമത്തെ ആഴ്ച 55 ശതമാനവും മൂന്നാം ആഴ്ച 50 ശതമാനവുമാണ് നിർമ്മാതാക്കൾക്ക് ലഭിക്കുന്നത്. എന്നാൽ അതിന് വിപരീതമായി ആദ്യ രണ്ടു ആഴ്ചകളിൽ 60 ശതമാനം വീതം വിഹിതമാണ് നിർമ്മാതാവ് ആവശ്യപ്പെട്ടതെന്നും തുടർന്നുള്ള ആഴ്ചകളിലും ഈ അഞ്ച് ശതമാനത്തിന്റെ വർദ്ധന വേണ്ടിവരുന്നത് തിയേറ്ററുകൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും സംഘടനയുടെ എല്ലാ അംഗങ്ങളോടും ഈ ചിത്രത്തിന്റെ എഗ്രിമെന്റിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫിയോക് പ്രസിഡന്റ് കെ.വിജയകുമാർ പറയുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറിൽ ആന്റോ ജോസഫ്, കെ .ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം - മനുഷ് നന്ദൻ, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, വിതരണം ആൻ മെഗാ മീഡിയ .
Source link



