LATEST

എസ്.ഐ.ആർ ഒരാഴ്ച നീട്ടി: വോട്ടർമാർക്കും ബി.എൽ.ഒമാർക്കും ആശ്വാസം

പ്രസൂൻ എസ്.കണ്ടത്ത്,​ കെ.എസ്. അരവിന്ദ് | Monday 01 December, 2025 | 1:02 AM

ന്യൂഡൽഹി/തിരുവനന്തപുരം: ബി.എൽ.ഒമാർ ജോലിസമ്മർദ്ദത്തിലാണെന്ന ആക്ഷേപം ശക്തമായിരിക്കെ, തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനുള്ള (എസ്.ഐ.ആർ) നടപടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരാഴ്ചത്തേക്ക് നീട്ടി. അപേക്ഷകൾ സ്വീകരിക്കുന്ന തീയതി ഡിസംബർ 11വരെയാണ് നീട്ടിയത്. അന്നാണ് കേരളത്തിൽ തദ്ദേശ വോട്ടെടുപ്പ് പൂർത്തിയാവുന്നത്. ഡിസംബർ നാലായിരുന്നു നിലവിലെ സമയപരിധി.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്.ഐ.ആർ നീട്ടണമെന്ന കേരളത്തിന്റെ ഹർജിയിൽ സുപ്രീംകോടതി നാളെ വാദം കേട്ട് തീരുമാനം എടുക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. കേരളത്തിലെ നടപടികൾ സംബന്ധിച്ച് ഇന്ന് സത്യവാങ്മൂലം നൽകണമെന്ന് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് കേരളത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ ഒമ്പതിൽ നിന്ന് പതിനാറിലേക്ക് മാറ്റി. വോട്ടെടുപ്പ് നടക്കുന്ന ഒൻപതിനു തന്നെ കരട് പ്രസിദ്ധീകരിക്കണമെന്ന് എന്താണിത്ര പിടിവാശിയെന്ന് കഴിഞ്ഞ ദിവസം രാഷ്ട്രീയ പാർട്ടികൾ വിമർശിച്ചിരുന്നു.

എസ്.ഐ.ആർ നടപടികൾ പുരോഗമിക്കുന്ന മറ്റ് എട്ടു സംസ്ഥാനങ്ങൾക്കും മൂന്നു കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പുതിയ സമയപരിധി ബാധകമാണ്. എസ്.ഐ.ആറിനെതിരെ തമിഴ്നാടും പശ്ചിമ ബംഗാളുമടക്കം നൽകിയ ഹർജികളും വരും ദിവസങ്ങളിൽ സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. ശനിയാഴ്‌ച വരെ 51 കോടി വോട്ടർമാർക്ക് ഫോം വിതരണം ചെയ്തതായും അവയിൽ 78.97% അപ്‌ലോഡ് ചെയ്തതായും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

10 ലക്ഷം പേർ പുറത്താവും,

വിട്ടുപോയവരെ ഉൾപ്പെടുത്തും

 കേരളത്തിൽ 10 ലക്ഷം വോട്ടർ പട്ടികയിൽനിന്ന് പുറത്താകുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് മൊത്തം വോട്ടർമാരുടെ അഞ്ചു ശതമാനമാണ്. മരിച്ചവർ അഞ്ചുലക്ഷത്തോളമാണ്. അഞ്ചുലക്ഷം പേരെ കണ്ടെത്താനായില്ല.

 നീട്ടിയ ഒരാഴ്ച കൊണ്ട് വിട്ടുപോയവരെ കണ്ടെത്തി ഉൾപ്പെടുത്താൻ ശ്രമിക്കും. ബൂത്ത് അടിസ്ഥാനത്തിൽ ബി.എൽ.ഒമാരുടെ യോഗങ്ങൾ ഉൾപ്പെടെ നടത്തും. നഗരങ്ങളിൽ ഫോം കിട്ടിയ ജനങ്ങൾ പൂരിപ്പിച്ച് തരുന്നില്ലെന്ന പരാതിയുണ്ട്. എത്രയും പെട്ടെന്ന് നൽകണം. അവസാന തീയതിയിലെ തരൂ എന്ന് വാശി പിടിച്ചാൽ കുഴപ്പമാകും.

 2002ലെ പട്ടികയിൽ ഇല്ലെങ്കിലും കരട് പട്ടികയിൽ വരും. രേഖകൾ സമർപ്പിച്ചാൽ മതി. പ്രശ്‌നമുള്ള കാര്യമല്ല. നൽകിയ ഫോമുകളിൽ 95 ശതമാനവും തിരികെ വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 അന്തിമ പട്ടിക ഫെബ്രുവരി 14ന്

കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന ഡിസംബർ 16 മുതൽ ജനുവരി 15വരെ അവകാശവാദങ്ങളും എതിർപ്പുകളും അറിയിക്കാൻ സാവകാശമുണ്ട്. അന്തിമ പട്ടിക ഫെബ്രുവരി 14ന് പ്രസിദ്ധീകരിക്കും.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button