എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും നിർമാതാവുമായ എം ശരവണൻ അന്തരിച്ചു

ചെന്നൈ: രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഫിലിം സ്റ്റുഡിയോയായ എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും നിർമാതാവുമായ എം ശരവണൻ അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലർച്ചെ ചെന്നൈയിൽ വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു അന്ത്യം. ചലച്ചിത്ര നിർമാതാവ് എ വി മെയ്യപ്പൻ ചെട്ടിയാരുടെ മൂന്നാമത്തെ മകനായ ശരവണൻ 1958 മുതലാണ് എവിഎം പ്രൊഡക്ഷൻസിന്റെ ചുമതല ഏറ്റെടുത്തത്. വർഷങ്ങൾക്കുള്ളിൽ തന്നെ തമിഴ് സിനിമാമേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി മാറുകയും ചെയ്തു.
86-ാം ജന്മദിനം കഴിഞ്ഞ് ഒരു ദിവസത്തിനുശേഷമാണ് അദ്ദേഹത്തിന്റെ വിയോഗം. മൃതദേഹം ഇന്ന് വൈകുന്നേരം നാലുമണി വരെ എവിഎം സ്റ്റുഡിയോയിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരത്തോടെ എവിഎം ഇലക്ട്രിക് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
എം ജി ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ സിനിമകൾ ശരവണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. നാനും ഒരു പെണ്ണ്, ‘സംസാരം അടുത്ത് മിൻസാരം, ശിവാജി, വേട്ടയാട് വിളയാട്, മിൻസാര കനവ്, അയൻ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ എവിഎമ്മാണ് നിർമിച്ചത്. 1986ൽ മദ്രാസ് നഗരത്തിന്റെ ‘ഷരീഫ്’ എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. മകന്‍ എം എസ് ഗുഹനും ചലച്ചിത്ര നിര്‍മാതാവാണ്.
Source link



