LATEST

എപ്‌സ്റ്റീൻ വിവാദം: ട്രംപിനെതിരെയുള്ള രേഖകൾ മുക്കിയെന്ന് ആരോപണം

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ എപ്സ്റ്റീൻ ഫയൽസിൽ നിന്ന് ‘മുക്കി”യെന്ന് ആരോപണം. ജനുവരിയിൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയൽസിൽ നിന്ന് ട്രംപുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ കാണാതായെന്നും ചിലത് ട്രംപിനെ സംരക്ഷിക്കാൻ പുറത്തുവിടാതെ മൂടിവച്ചിരിക്കുകയാണെന്നും ഡെമോക്രാറ്റിക് പാർട്ടി ആരോപിച്ചു.

എപ്സ്റ്റീനുമായി ബന്ധപ്പെട്ട 35 ലക്ഷം പേജുകളാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഇതുവരെ പുറത്തുവിട്ടത്. ഇതിൽ എഫ്.ബി.ഐയുടെ 50ഓളം പേജുകൾ കാണാനില്ല. ഇവയിൽ ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതി എഫ്.ബി.ഐയ്ക്ക് നൽകിയ മൊഴിയുണ്ടെന്ന് ആരോപിക്കുന്നു.

1980കളുടെ മദ്ധ്യത്തിൽ തനിക്ക് ഏകദേശം 13-15 വയസുള്ളപ്പോൾ ട്രംപ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. 2019ലാണ് പരാതി ഉയർന്നത്. ജെഫ്രി എപ്സ്റ്റീനാണ് ട്രംപിനെ പരിചയപ്പെടുത്തി നൽകിയതെന്നും യുവതി ആരോപിച്ചിരുന്നു. ട്രംപിന്റെ ഒരു ഫോട്ടോയും എപ്സ്റ്റീൻ ഫയൽസിൽ നിന്ന് അപ്രത്യക്ഷമായെന്ന് പറയപ്പെടുന്നു.

ട്രംപും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീനും തമ്മിൽ 1980കൾ മുതൽ സൗഹൃദമുണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ് തർക്കത്തെ തുടർന്ന് 2004ൽ സൗഹൃദം ഉപേക്ഷിച്ചെന്നും അയാളുടെ കുറ്റകൃത്യങ്ങളെ പറ്റി അറിവുണ്ടായിരുന്നില്ലെന്നുമാണ് ട്രംപിന്റെ വാദം. എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട് അന്വേഷണോദ്യോഗസ്ഥർ ശേഖരിച്ച ചിത്രങ്ങളും കത്തുകളും രേഖകളുമൊക്കെയാണ് എപ്‌സ്റ്റീൻ ഫയലുകൾ.


 നിഷേധിച്ച് സർക്കാർ

അനധികൃതമായി ഒന്നും തടഞ്ഞുവച്ചിട്ടില്ലെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പറയുന്നു. ഏതെങ്കിലും രേഖകൾ പുറത്തുവന്നിട്ടില്ലെങ്കിൽ, അവ നിലവിലുള്ളതിന്റെ പകർപ്പോ നിയമപരമായി സംരക്ഷിക്കപ്പെട്ടവയോ അല്ലെങ്കിൽ സജീവ അന്വേഷണത്തിന് കീഴിൽ വരുന്നവോ ആണെന്നും ഡിപ്പാർട്ട്മെന്റ് അറിയിച്ചു. നീക്കം ചെയ്തവയിൽ ചിലത് എഫ്.ബി.ഐയ്ക്ക് ലഭിച്ച വ്യാജ പരാതികളോ തെളിവുകളില്ലാത്ത അജ്ഞാത സന്ദേശങ്ങളോ ആണെന്നും വ്യക്തമാക്കി.


Source link

Related Articles

Back to top button