എപ്സ്റ്റീനുമായി ബന്ധം: മാനനഷ്ടക്കേസ് നൽകി കേന്ദ്ര മന്ത്രിയുടെ മകൾ

ന്യൂഡൽഹി: ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുന്നതായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ മകൾ ഹിമായനി പുരി ഡൽഹി ഹൈക്കോടതിയിൽ. 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് നൽകി. ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കണമെന്നും ഇനി പോസ്റ്റുകളിടുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ടു. കുട്ടികളെ പീഡിപ്പിച്ച കേസുകളിൽപ്പെട്ട് പിന്നീട് ജയിലിൽ മരിച്ച വിവാദ അമേരിക്കൻ വ്യവസായിയാണ് ജെഫ്രി എപ്സ്റ്റീൻ. കഴിഞ്ഞ ഫെബ്രുവരി 26 മുതൽ തനിക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം വ്യാപക പ്രചാരണം നടക്കുന്നുവെന്നാണ് ഹിമായനിയുടെ പരാതി. താൻ ജോലി ചെയ്യുന്ന സ്ഥാപനം എപ്സ്റ്റീനിൽ നിന്ന് ഫണ്ട് കൈപ്പറ്റിയെന്നും പ്രചരിപ്പിക്കുന്നു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണിത്. കേന്ദ്രമന്ത്രിയുടെ മകളായതു കൊണ്ടാണ് തനിക്ക് ഈ ആക്രമണം നേരിടേണ്ടി വരുന്നതെന്നും ഹർജിയിൽ പറയുന്നു. ഡൽഹി ഹൈക്കോടതി ഇന്നു പരിഗണിക്കും.
Source link

