‘എന്നെ വിവാഹം കഴിച്ചാൽ ഭാര്യയെപ്പോലെ തോന്നില്ല, മോൻ ആദ്യം ഹോംവർക്ക് ചെയ്യ്’, വിവാഹാഭ്യർത്ഥന നടത്തിയ കൗമാരക്കാരനാേട് അവന്തിക പറഞ്ഞത്

യക്ഷി, നീലാകാശം പച്ചകടൽ ചുവന്ന ഭൂമി, ഫെയിത്ത്ഫുള്ളി യുവേഴ്സ് തുടങ്ങിയ സിനിമകളിലൂടെയും ജനപ്രിയ സീരിയലുകളിലൂടെയും മലയാളിക്ക് പരിചിതയായ താരമാണ് അവന്തിക മോഹൻ. സോഷ്യൽ മീഡിയയിൽ തനിക്കുനേരെ വരുന്ന പരിധി വിട്ട കമന്റുകൾക്കും സന്ദേശങ്ങൾക്കും കൃത്യമായ മറുപടി നൽകുന്നതിൽ ഒട്ടും മടി കാണിക്കാത്ത വ്യക്തി കൂടിയാണ് അവന്തിക. ഇപ്പോഴിതാ, താരത്തിനോട് വിവാഹാഭ്യർത്ഥനയുമായി എത്തിയ കൗമാരക്കാരായ ചില ആരാധകർക്ക് അവന്തിക നൽകിയ മറുപടികളാണ് ഇൻസ്റ്റഗ്രാമിൽ തരംഗമാകുന്നത്. പരിഹാസവും ഉപദേശവും കലർന്ന താരത്തിന്റെ ശൈലിയെ ‘തഗ്’ മറുപടിയായിട്ടാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.
കല്യാണം കഴിക്കണമെന്ന് പറഞ്ഞ ഒരു ആരാധകന് അവന്തിക നൽകിയ മറുപടി ഇങ്ങനെയായിരുന്നു: ‘നിന്നെ കണ്ടാൽ ഇരുപതുകളുടെ തുടക്കത്തിലുള്ള ചെക്കനായിട്ടേ തോന്നുന്നുള്ളൂ. നീ തിരഞ്ഞെടുത്ത സമയവും സാഹചര്യവും തെറ്റിപ്പോയി, എങ്കിലും നിന്റെ ആത്മവിശ്വാസം സമ്മതിച്ചു തരണമല്ലോ! അതുകൊണ്ട് ഇതൊക്കെ വിട്ട് നിന്റെ ഈ പ്രായം ആസ്വദിക്കൂ. ശരിയായ വ്യക്തി ശരിയായ സമയത്ത് ജീവിതത്തിലേക്ക് കടന്നുവരും.’ കേരളത്തിൽ ചേച്ചിയെ കെട്ടാൻ കുറെ പേരുണ്ടെന്ന് മറ്റു കൗമാരക്കാരായ പയ്യന്മാർ ആഗ്രഹം വെളിപ്പെടുത്തിയപ്പോൾ അവന്തികയുടെ മറുപടി കൂടുതൽ ശക്തമായി.
‘എത്ര ധൈര്യമുണ്ട് നിനക്കൊക്കെ? കണ്ടിട്ട് ചെറിയ പയ്യനാണല്ലോ, ഞാൻ ശരിക്കും അമ്പരന്നുപോയി. കുട്ടിയൊരു കാര്യം ശ്രദ്ധിക്കൂ, ഞാൻ വിവാഹിതയാണ്. നീ ഇപ്പോഴും ഹോംവർക്ക് ഒക്കെ ചെയ്ത് പഠിച്ചു നടക്കേണ്ട പ്രായത്തിലും. എന്റെ ജീവിതമെന്ന സിനിമ മുഴുവനായി പൂർത്തിയായിക്കഴിഞ്ഞു, അതിലേക്ക് പുതിയൊരു നായകന്റെ എൻട്രി സാദ്ധ്യമല്ല.’ അവന്തിക പറഞ്ഞു.
താൻ വിവാഹം കഴിച്ചാൽ അത് ഭാര്യയെപ്പോലെയല്ല, മറിച്ച് അമ്മയെപ്പോലെ തോന്നുകയെന്നും 17കാരനായ മറ്റൊരു ആരാധകനോട് താരം തുറന്നടിച്ചു. പക്വതയില്ലാത്ത പ്രായത്തിൽ കരിയറിലും പഠനത്തിലും ശ്രദ്ധിക്കാൻ കുട്ടികളെ ഉപദേശിച്ച അവന്തിക ഒരു വലിയ ഉത്തരവാദിത്തമാണ് നിർവഹിച്ചതെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു.
ഇതാദ്യമായല്ല അവന്തിക ഇത്തരത്തിൽ നിലപാടുകൾ വ്യക്തമാക്കുന്നത്. 2024ലെ കൊൽക്കത്ത സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീസുരക്ഷയെക്കുറിച്ച് താരം പങ്കുവച്ച പോസ്റ്റിന് താഴെ അശ്ലീല കമന്റ് ഇട്ടയാളെ പരസ്യമായി നടി വെല്ലുവിളിച്ചിരുന്നു. താരങ്ങളുടെ സ്വകാര്യതയെ മാനിക്കാത്തവർക്കും സോഷ്യൽ മീഡിയയിൽ അതിരുവിടുന്നവർക്കും അവന്തികയുടെ മറുപടികൾ ഒരു താക്കീത് കൂടിയാണ്.
Source link



