LIFE STYLE

എച്ച് ഐ വി: മുന്‍കരുതലുകളും പരിഹാരങ്ങളും, നമ്മളില്‍ ഒരാളെപ്പോലെകണ്ട് നമുക്കൊപ്പം ചേര്‍ക്കാം

എച്ച് ഐ വി / എയ്ഡ്‌സ് മനുഷ്യരാശിക്ക് മുന്നില്‍ നില്‍ക്കുന്ന വലിയ വെല്ലുവിളിയാണ് ഇന്നും. ബോധവല്‍ക്കരണം, ചികിത്സ വിവേചന നിരോധനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നാം തീയതി ലോക എയ്ഡ്സ് ദിനം ആചരിക്കുന്നു. ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രമേയം പരിമിതികളെ മറികടക്കുക, വിവേചനം അവസാനിപ്പിക്കുക എന്നതില്‍ ഊന്നിയുള്ളതാണ്.


എച്ച്ഐവി അണുബാധയുള്ള രോഗിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെയാണ് പ്രധാനമായും ഇത് മറ്റൊരാളിലേക്ക് പകരുന്നത്. രോഗം ബാധിച്ച ആളുടെ രക്തം സ്വീകരിക്കുക, പൂര്‍ണമായും അണുവിമുക്തമാക്കാത്ത സൂചികളുടെ ഉപയോഗം, രോഗം ബാധിച്ച അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എന്നിവയാണ് രോഗം പകരാനുള്ള മറ്റു കാരണങ്ങള്‍


ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസ് രോഗിയുടെ പ്രതിരോധശേഷിയെ നശിപ്പിക്കുന്നു. രോഗം മൂര്‍ച്ഛിക്കുന്ന ഘട്ടത്തില്‍ പ്രതിരോധ സംവിധാനം പൂര്‍ണ്ണമായും തകരാറിലാവുകയും അതുമൂലം TB, പൂപ്പല്‍ ബാധകള്‍, മറ്റു വൈറസുകള്‍ എന്നിവ ശരീരത്തെ ബാധിക്കുകയും അത് മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന രീതിയാണ് എച്ച്ഐവി അണുബാധയ്ക്ക് ഉള്ളത്.


ശരീരത്തിലെ എച്ച്ഐവി വൈറസിന്റെ സാന്നിധ്യം രക്ത പരിശോധനയിലൂടെ നമുക്ക് കണ്ടുപിടിക്കാന്‍ സാധിക്കും.ഏകദേശം രണ്ടാഴ്ച മുതല്‍ രക്തത്തില്‍ ഇതിന്റെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ സാധിക്കുന്ന തരത്തിലുള്ള പരിശോധനകള്‍ ഇന്ന് ലഭ്യമാണ്. എന്നിരുന്നാലും ചില ഘട്ടങ്ങളില്‍ മൂന്നാം മാസത്തിലും ആറാം മാസത്തിലും ആവര്‍ത്തിച്ച് പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പിക്കുന്നതാണ് നല്ലത്.


‘ചികിത്സ ഇല്ലാത്ത രോഗം’ എന്നാണ് പൊതുവേ എയ്ഡ്സ് എന്ന അസുഖത്തെ കുറിച്ചുള്ള ഒരു പ്രധാന മിഥ്യാധാരണ. എന്നാല്‍ വസ്തുത എന്തെന്നാല്‍ തക്കസമയത്ത് കൃത്യമായ ചികിത്സ തുടങ്ങാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും രോഗികള്‍ക്ക് സാധാരണ ഒരു മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം തന്നെ ലഭിക്കുന്നു. പണ്ടൊക്കെ ഒരുപാട് ഗുളികകള്‍ രോഗി കഴിക്കേണ്ടിയിരുന്നു. എന്നാല്‍ ഇന്ന് അത് ദിവസത്തില്‍ വെറും ഒരു ഗുളികയെന്ന കണക്കിലായി കുറയുകയും പാര്‍ശ്വഫലങ്ങള്‍ വളരെ കുറയുകയും ചെയ്തിട്ടുണ്ട്. രോഗം ബാധിച്ച ആളുടെ കൂടെ ഒരു മുറിയില്‍ ഇരുന്നതുകൊണ്ടോ, രോഗിയെ സ്പര്‍ശിച്ചതു കൊണ്ടോ, ഒരുമിച്ച് ഒരു പാത്രത്തില്‍ ഭക്ഷണം കഴിച്ചതുകൊണ്ടോ ഒന്നും ഈ രോഗം മറ്റൊരാള്‍ക്ക് പകരുകയില്ല. ഇത്തരം അബദ്ധ ധാരണകള്‍ മൂലം ഈ രോഗം ബാധിച്ചവര്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നു എന്നത് ഒരു സത്യം തന്നെയാണ്. ഉമിനീരിലൂടെ ഈ രോഗം പകരുകയില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.


ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഈ വൈറസിനെതിരെ ഇല്ലെങ്കിലും നേരത്തെ കണ്ടുപിടിച്ചാല്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കുവാന്‍ കഴിയുന്ന ഒരു അസുഖമാണ് എച്ച്.ഐ.വി. രക്തദാനം മൂലമുള്ള രോഗപകര്‍ച്ച നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു പരിധിവരെയെങ്കിലും തടയാന്‍ സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യവുമാണ്. ചികിത്സാരീതികള്‍ ഒരുപാട് പുരോഗമിച്ചതോടെ അമ്മയില്‍ നിന്ന് കുഞ്ഞിലേയ്ക്കുള്ള രോഗപകര്‍ച്ചയെ പൂര്‍ണ്ണമായും തടയാന്‍ സാധിക്കുന്നു എന്ന അവസ്ഥവരെ ഇന്നുണ്ട്.


അതിനാല്‍ തെറ്റിദ്ധാരണകള്‍ ഒക്കെ മാറ്റിയെടുത്ത് എയ്ഡ്സ് രോഗബാധിതരെയും നമ്മളില്‍ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേര്‍ക്കാം. പുതുതലമുറയെ ശാസ്ത്രബോധം ഉള്ളവരും വിവേചന ബോധമില്ലാത്തവരും ആയി വാര്‍ത്തെടുക്കാന്‍ ഈ ദിനം നമുക്ക് പ്രയോജനപ്പെടുത്താം. ഒരുമിച്ച് കൈകോര്‍ത്താല്‍ എച്ച് ഐ വി മുക്ത ലോകത്തിലേക്ക് മനുഷ്യ സമൂഹം ഒരുനാള്‍ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Dr. Shareek P.S.
Consultant Infectious Diseasse
SUT Hospital, Pattom, TVM


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button