എംപിമാര്‍ മത്സരരംഗത്തില്ല, 19 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് അവസരം, വെല്ലുവിളി വിമത ഭീഷണി; 101ാം മണിക്കൂറില്‍ പട്ടിക പൂര്‍ണം

ന്യൂഡല്‍ഹി/ തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥികളെന്ന വാക്ക് വെറുവാക്കായി. നീണ്ട തര്‍ക്കങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ 101ാം മണിക്കൂറില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണമായി. സിറ്റിംഗ് എംപിമാര്‍ ആരും തന്നെയില്ലാതെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗത്തിനിറങ്ങുന്നത്. കെ സുധാകരനും അടൂര്‍ പ്രകാശും കണ്ണൂരിനും കോന്നിക്കും വേണ്ടി പോരാടിയെങ്കിലും ഒടുവില്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ വഴങ്ങി.സുധാകരന്റെ വാശി പാര്‍ട്ടിയെ പിളര്‍ത്തുമെന്ന ഭീഷണിയിലേക്ക് വരെ എത്തിയപ്പോള്‍ കോണ്‍ഗ്രസ് ആടിയുലഞ്ഞു. പാതിരാത്രിയോളം നീണ്ട അഭ്യൂഹങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും ശേഷം എംപിമാരെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനായത് കോണ്‍ഗ്രസ് നേതൃത്വത്തിന് തല്‍ക്കാലത്തേക്കെങ്കിലും ആശ്വാസം സമ്മാനിക്കും. ഇപ്പോള്‍ പാര്‍ട്ടിക്ക് വിധേയനെന്ന് പുറമേപറയുന്നുവെങ്കിലും തന്റെ വാക്കിന് വില കല്‍പ്പിക്കാതെ ഒതുക്കിയ സംസ്ഥാന നേതൃത്വത്തോട് സുധാകരന് എങ്ങനെ പ്രവര്‍ത്തിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടിവരും.സിറ്റിംഗ് എംഎല്‍എമാരില്‍ രണ്ട് പേര്‍ക്കൊഴികെ എല്ലാവര്ക്കും വീണ്ടും അവസരം നല്‍കിയാണ് പട്ടിക പൂര്‍ത്തിയാക്കിയത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍, പെരുമ്പാവൂരിലെ എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ മാത്രമാണ് വീണ്ടും അവസരം കിട്ടാത്തവര്‍. രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, എന്നാല്‍ എല്‍ദോസ് കലാപക്കൊടി ഉയര്‍ത്തി രംഗത്തുണ്ട്. എന്ത് ചെയ്യണമെന്ന് പ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് പട്ടിക പുറത്ത് വന്നപ്പോഴുള്ള ആദ്യ പ്രതികരണം.
Source link



