ഉച്ചതിരിഞ്ഞ് അഞ്ച് ജില്ലകളിൽ മഴ പെയ്യും, വരുന്ന അഞ്ച് ദിവസങ്ങളിൽ കാലാവസ്ഥ ഇങ്ങനെയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. നേരിയ മഴയ്‌ക്കുള്ള സാദ്ധ്യതയാണുള്ളത്. വരുന്ന അഞ്ച് ദിവസങ്ങളിൽ മാർച്ച് രണ്ടിന് മിക്ക ജില്ലകളിലും മഴ ഉണ്ടാകില്ല. മറ്റിടങ്ങളിൽ ഈ ദിവസങ്ങളിൽ മഴയുണ്ടാകും. ആലപ്പുഴ, കോട്ടയം ജില്ലകളിൽ അഞ്ച് ദിവസങ്ങളിലും മഴ ലഭിക്കും. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ:
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
* പകൽ 11 മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
Source link


