ഈ തെറ്റ് ഒരിക്കലും ചെയ്യരുത്, കിച്ചൺ സ്‌പോഞ്ച് ഉപയോഗിക്കുമ്പോൾ ഇവയും ശ്രദ്ധിക്കണം

വീട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുവാണ് പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ. എന്നാൽ കൃത്യമായി പരിപാലിക്കാതെയാണ് ദിവസവും ഇവ വീണ്ടും ഉപയോഗിക്കുന്നത്. സ്പോഞ്ചിന്റെ കാര്യത്തിൽ പ്രത്യേക പരിപാലനം ആവശ്യമാണ്. ടോയ്‌ലറ്റിൽ ഉള്ളതിനേക്കാൾ രോഗാണുക്കൾ സ്പോഞ്ചിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
പാത്രം കഴുകുന്ന സ്‌പോഞ്ച് ഉപയോഗിച്ച് തന്നെ കിച്ചൻ കൗണ്ടർ ടോപ്പുകളും സിങ്കും വൃത്തിയാക്കുന്നവരുമുണ്ട്. കൂടാതെ എണ്ണയോ മറ്റു ദ്രാവകങ്ങളോ തുടയ്ക്കാനും ഇതേ സ്‌പോഞ്ച് ഉപയോഗിക്കുന്നത് തെറ്റായ കാര്യമാണ്. വ്യത്യസ്ത പ്രതലങ്ങളിൽ നിന്നായി ഭക്ഷണാവശിഷ്ടങ്ങൾ, എണ്ണ എന്നിവയ്‌ക്കൊപ്പം ബാക്ടീരിയകളെയും സ്പോഞ്ച് ആഗിരണം ചെയ്യും. ഇത് പാത്രം കഴുകുന്ന സമയത്ത് അവയിലും കടന്നുകൂടുന്നതിന് കാരണമാകും. അതിനാൽ ഓരോന്നിനും പ്രത്യേക സ്പോഞ്ചുകളാണ് സൂക്ഷിക്കേണ്ടത്.
ഒരു സ്പോഞ്ച് കാലങ്ങളോളം ഉപയോഗിക്കുന്ന ശീലവും നല്ലതല്ല. പുറമേ വൃത്തിയായി തോന്നിയാലും അവ ഉപയോഗിക്കുമ്പോൾ ദിവസങ്ങൾക്കുള്ളിൽ ബാക്ടീരിയകൾ പെരുകും. അതുകൊണ്ട് പരമാവധി രണ്ട് ആഴ്ചകൾക്കുള്ളിൽ സ്പോഞ്ചുകൾ മാറ്റണം. ഉപയോഗിച്ച ശേഷം നനവോടെ വയ്ക്കുന്ന സ്‌പോഞ്ചുകളിലും ബാക്ടീരിയകൾ പെട്ടെന്ന് കയറികൂടും. ഉപയോഗ ശേഷം സ്‌പോഞ്ച് സോപ്പ് ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം. നല്ല രീതിയിൽ പിഴിഞ്ഞെടുത്ത ശേഷം നന്നായി വായുസഞ്ചാരം ലഭിക്കുന്ന സ്ഥലത്ത് തൂക്കിയിടുക. മൂന്ന് ദിവസത്തെ ഇടവേളയിൽ ഇത്തരത്തിൽ വൃത്തിയാക്കണം. ചൂടുവെള്ളത്തിൽ അൽപം വിനാഗിരിയും നാരങ്ങാനീരും ഒഴിച്ചശേഷം സ്പോഞ്ച് അതിൽ മുക്കിവച്ച ശേഷം കഴുകിയെടുത്താലും അണുക്കൾ പെട്ടെന്ന് ഇല്ലാതാകും.
Source link

