NATIIONAL
‘ഈഗോയെ വെല്ലുവിളിക്കരുത് കേട്ടോ..’: ഓറഞ്ച് ക്യാപ് ഇനി കോലിയുടെ തലയിൽ! അനുഷ്കയുടെ ആ വിഡിയോ ‘കുത്തിപ്പൊക്കി’ ആരാധകർ

ബെംഗളൂരു ∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ആർസിബി താരം വിരാട് കോലിയുടെ ‘മാച്ച് വിന്നിങ്’ ബാറ്റിങ് പ്രകടനത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി കോലിയും ഭാര്യ അനുഷ്ക ശർമയും ഉൾപ്പെട്ട പഴയ വിഡിയോ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 5 വിക്കറ്റിനാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു വിജയിച്ചത്. അർധ സെഞ്ചറി പിന്നിട്ട പ്രകടനങ്ങളുമായി ടീമിനെ നയിച്ച മുന്നിൽനിന്നു നയിച്ച വിരാട് കോലി (44 പന്തിൽ 81), ദേവ്ദത്ത് പടിക്കൽ (27 പന്തിൽ 55) എന്നിവരുടെ ബാറ്റിങ് മികവാണ് ബെംഗളൂരുവിനു ഗംഭീരമായൊരു റൺചേസ് വിജയമൊരുക്കിയത്. കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.മൂന്നു ഐപിഎൽ സീസണുകളിൽ ഏപ്രിൽ 23 നടന്ന മത്സരത്തിൽ വിരാട് കോലി ഗോൾഡൻ ഡക്കായി പുറത്തായിരുന്നു. 2017, 2022, 2023 സീസണുകളിലായിരുന്നു ഇത്. ഇതു സൂചിപ്പിച്ചായിരുന്നു അനുഷ്കയുടെ ‘സ്ലെഡ്ജിങ്’. ഏപ്രിൽ 23 എന്നത് 24 ആയാണ് അനുഷ്ക വിഡിയോയിൽ പറഞ്ഞത്. എന്നാൽ 2025 ഐപിഎലിലും 2026 ഐപിഎലിലും ഏപ്രിൽ 24നു നടന്ന മത്സരങ്ങളിൽ, യഥാക്രമം 70 (42), 81(44) എന്നിങ്ങനെയാണ് കോലിയുടെ സ്കോറുകൾ. ഇതോടെയാണ് 2023ലെ ഈ വിഡിയോ കോലി ആരാധകർ വീണ്ടും ‘കുത്തിപ്പൊക്കിയത്’. ‘ഒരു പുരുഷന്റെ ഈഗോയെയാണ് അനുഷ്ക വെല്ലുവിളിച്ചത്’, ‘ഭാര്യ പറയുന്നത് അക്ഷരംപ്രതി അനുസരിക്കുന്ന ഭർത്താവ്’ തുടങ്ങിയ വാചകങ്ങളോടെയാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.
Source link


