ഇസിജിയിൽ വ്യതിയാനം; അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ജനറൽ ആശുത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് നടപടിക്കായി നടത്തിയ വെെദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പരിശോധനയിൽ ഇദ്ദേഹത്തിന് രക്തസമ്മർദം ഉയർന്നതായും ഇസിജിയിൽ വ്യതിയാനമുള്ളതായും കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇദ്ദേഹത്തെ വിട്ടയക്കുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കൂ. ജനുവരി 28ന് ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കാരവാനിൽ വച്ച് മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയെ തുടർന്ന് ഇന്നലെ രാത്രിയാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. രാത്രി തൊടുപുഴ പുളിയൻമല റൂട്ടിൽ മുട്ടത്തിനു സമീപം രഞ്ജിത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസെടുത്ത വിവരമറിഞ്ഞ് രഞ്ജിത്ത് ഒളിവിൽ പോകാൻ സാദ്ധ്യതയുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു.
Source link


