ഇറാൻ – ഇസ്രയേൽ സംഘർഷം; പി വി സിന്ധു ഉൾപ്പെടെയുള്ള കായികതാരങ്ങൾ വിമാനത്താവളങ്ങളിൽ കുടുങ്ങി

ന്യൂഡൽഹി: ഇറാൻ – ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വ്യോമഗതാഗതം കൂടുതൽ പ്രതിസന്ധിയിലേക്ക്. സുരക്ഷാ കാരണങ്ങളാൽ ഇന്നലെ മാത്രം 410 വിമാന സർവീസുകൾ റദ്ദാക്കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ന് 444 വിമാനങ്ങൾ കൂടി റദ്ദാക്കിയേക്കും. മേഖലയിലെ വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകളും പൂർണ്ണമായും തടസപ്പെട്ടിരിക്കുകയാണ്.
എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പാതിവഴിയിൽ തിരിച്ചിറക്കി. പശ്ചിമേഷ്യൻ രാജ്യങ്ങളിലൂടെയും പേർഷ്യൻ ഗൾഫ് മേഖലയിലൂടെയുമുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. സിറിയൻ, യെമൻ വ്യോമപാതകൾ നേരത്തെ തന്നെ അപകടമേഖലയായി പ്രഖ്യാപിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് വിമാനത്താവളം ഉൾപ്പെടെയുള്ളവ പ്രവർത്തനരഹിതമായ നിലയിലാണ്. ഇതോടെ ഒളിമ്പിക്സ് മെഡൽ ജേതാവ് പി വി സിന്ധു ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യൻ യാത്രക്കാർ വിദേശ വിമാനത്താവളങ്ങളിൽ കുടുങ്ങി. ചൊവ്വാഴ്ച ആരംഭിക്കുന്ന ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ പങ്കെടുക്കാൻ ബർമിംഗ്ഹാമിലേക്ക് പോകുകയായിരുന്ന സിന്ധു ദുബായിലാണ് കുടുങ്ങിയത്. ഫിബ ബാസ്‌ക്കറ്റ്‌ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം മടങ്ങുകയായിരുന്ന ഇന്ത്യൻ പുരുഷ ബാസ്‌ക്കറ്റ്‌ബോൾ ടീം ദോഹയിലും കുടുങ്ങിക്കിടക്കുകയാണ്. യുദ്ധം അവസാനിക്കാതെ സർവീസുകൾ പുനരാരംഭിക്കാൻ കഴിയില്ലെന്നാണ് വിമാനക്കമ്പനികൾ അറിയിച്ചത്.
ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഇന്നുപുലർച്ചെ 2.38ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽവച്ച് നെടുമ്പാശേരിയിലേക്ക് തിരിച്ചുവിളിച്ചു. യാത്രക്കാർ വിമാനത്താവളങ്ങളിലെത്തുന്നതിനുമുൻപ് അതത് എയർലൈനുമായി ബന്ധപ്പെട്ടുള്ള ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്നും മുന്നറിയിപ്പുണ്ട്.
Source link



