ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്‌തബാ ഖമനേയിക്ക് പരിക്ക്; സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമം

ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ച മൊജ്‌തബാ ഖമനേയിക്ക് യുദ്ധത്തിൽ പരിക്കേറ്റതായി സ്ഥിരീകരണം. അമേരിക്ക – ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മകനെ പരമോന്നത നേതാവായി പ്രഖ്യാപിച്ചത്. സ്ഥാനമേൽക്കാനിരിക്കെയാണ് അദ്ദേഹത്തിന് പരിക്കേറ്റുവെന്ന വാർത്ത ഇറാനിയൻ സ്റ്റേറ്റ് ടിവി സ്ഥിരീകരിച്ചത്.റമദാൻ യുദ്ധത്തിലെ ‘ജൻബാസ്’ എന്നാണ് മൊജ്‌തബാ ഖമനേയിയെ ഇറാനിയൻ ടിവി വിശേഷിപ്പിച്ചത്. ശത്രുക്കളാൽ പരിക്കേൽക്കുന്നവരെയാണ് ഇത്തരത്തിൽ പരാമർശിക്കുന്നത്. മൊജ്‌തബാ ഖമനേയിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വിശദീകരണം ഇതുവരെ നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പിതാവും സഹോദരിയുമടക്കം ഫെബ്രുവരി 28ന് ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.88 പുരോഹിതന്മാരുൾപ്പെട്ട പണ്ഡിതസഭയാണ് 56കാരനായ മൊജ്‌തബായെ ആ പദവിയിലേക്ക് തിരഞ്ഞെടുത്തത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറും (ഐആർജിസി) ഇറാന്റെ പിന്തുണയുള്ള ലെബനനിലെ സായുധസംഘമായ ഹിസ്‌ബുള്ളയും മൊജ്‌തബായുടെ നേതൃത്വം അംഗീകരിച്ചു. ആവശ്യമായ പരിശീലനം പിതാവിൽ നിന്ന് മൊജ്‌തബാ ഖമനേയിക്ക് കിട്ടിയിട്ടുണ്ടെന്നും ഈ പ്രതിസന്ധിഘട്ടം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനാകുമെന്നും ഇറാന്റെ പരമോന്നത സുരക്ഷാ കൗൺസിൽ മേധാവി അലി ലാറിജാനി പറഞ്ഞു.
Source link

