test del 2

യുദ്ധം അവസാനിക്കുന്നോ? 45 ദിവസത്തെ വെടിനിർത്തൽ കരാറിനുള്ള വ്യവസ്ഥകൾ ചർച്ചചെയ്ത് യുഎസും ഇറാനും


വാഷിങ്ടൺ: പശ്ചിമേഷ്യൻയുദ്ധം അവസാനിക്കാൻ വഴിതെളിച്ചേക്കാവുന്ന 45 ദിവസ വെടിനിർത്തൽ കരാറിന്റെ വ്യവസ്ഥകൾക്കായുള്ള ചർച്ചയിൽ യുഎസും ഇറാനും മധ്യസ്ഥരാജ്യങ്ങളും ഏർപ്പെട്ടിരിക്കുന്നതായി റിപ്പോർട്ട്. യുഎസ്, ഇസ്രയേൽ, ചർച്ചകളെക്കുറിച്ച് അറിവുള്ള പ്രാദേശികവൃത്തങ്ങൾ എന്നിവരെ ഉദ്ധരിച്ച് ആക്‌സിയോസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.രണ്ടുഘട്ടമായി നടപ്പാക്കാവുന്ന കരാറിന് വേണ്ടിയുള്ള ചർച്ചയാണ് പുരോഗമിക്കുന്നത് എന്നാണ് വിവരം. ഇതിന്റെ ആദ്യഘട്ടത്തിൽ താത്കാലിക വെടിനിർത്തൽ കൊണ്ടുവരികയും ആ സമയത്ത് യുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടികളിൽ എത്തിച്ചേരുകയും ചെയ്യുക, രണ്ടാംഘട്ടത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ കരാർ കൊണ്ടുവരിക. ചർച്ചകൾക്ക് കൂടുതൽ സമയം ആവശ്യമാണെങ്കിൽ വെടിനിർത്തൽ ദീർഘിപ്പിക്കും.പാകിസ്താൻ, ഈജിപ്ത്, തുർക്കി എന്നിവരാണ് ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നതെന്നാണ് വിവരം. കൂടാതെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അഘ്‌രാചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറിയതായും വിവരമുണ്ട്. ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കൽ, ഇറാന്റെ യുറേനിയം സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കൽ എന്നിവ രണ്ടാംഘട്ടത്തിലേ സാധ്യമാകൂ എന്നാണ് മധ്യസ്ഥർ വിലയിരുത്തുന്നത്.അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാന് മുന്നിൽവെച്ച സമയപരിധി അവസാനിക്കുന്നതിന് മുൻപ് ഭാഗികമായ കരാറിലെങ്കിലും എത്തിച്ചേരാനുള്ള സാധ്യത നന്നേകുറവാണ്. ചൊവ്വാഴ്ച രാത്രി എട്ടുമണിക്കകം ഇറാൻ സമാധാനകരാറിൽ എത്തിച്ചേരണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇല്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ, വെടിനിർത്തൽ കരാറിന്റെ വ്യവസ്ഥകളിലേക്ക് എത്തിച്ചേരാനുള്ള തിരക്കുപിടിച്ച ചർച്ചകളാണ് നയതന്ത്രതലത്തിൽ നടക്കുന്നത്. അല്ലാത്തപക്ഷം മേഖലയിലെ സാഹചര്യം കൂടുതൽ വഷളാകാനിടയുണ്ട്. അതൊഴിവാക്കാനുള്ള അവസാനശ്രമമായാണ് ഈ ചർച്ചകൾ കണക്കാക്കപ്പെടുന്നത്.


Source link

Back to top button