‘അമ്മയുടെ പ്രായമുള്ള സ്ത്രീകൾക്കുവരെ രാഹുലിൽ നിന്ന് മോശം അനുഭവം ഉണ്ടായി’; ഷാഫിക്കെതിരെ എംഎ ഷഹനാസ്

കോഴിക്കോട്: മഹിളാ കോൺഗ്രസിൽ അമ്മയുടെ പ്രായമുള്ള സ്ത്രീകൾക്കുവരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി കെപിസിസി സാംസ്കാരിക സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ്. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫി പറമ്പിൽ എംപിയുടെ മൗനം പരിഹാസമായി തോന്നിയെന്നും അവർ പറഞ്ഞു.
താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്തുവിടുമെന്നും അവർ മാദ്ധ്യമങ്ങളോട് കൂട്ടിച്ചേർത്തു. പാർട്ടി നടപടികളെയും സൈബർ ആക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് വ്യക്തമാക്കി.രാഹുലിൽ നിന്ന് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഇന്നലെയാണ് ഷഹനാസ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
‘എനിക്കുമാത്രമല്ല രാഹുലിൽ നിന്ന് മോശം അനുഭവമുണ്ടാത്. മറ്റുള്ളവർക്കും സമാന അനുഭവം ഉണ്ടായെന്ന് അറിഞ്ഞതോടെയാണ് അന്ന് എംഎൽഎയായിരുന്ന ഷാഫി പറമ്പിലിനോട് വിവരം സൂചിപ്പിച്ചത്. യൂത്ത് കോൺഗ്രസെന്ന് പ്രസ്ഥാനം ഒരുപാട് പെൺകുട്ടികൾക്ക് കടന്നുവരാൻ സാദ്ധ്യതയുള്ള ഒരു സ്ഥലമാണ്. രാഹുലിനെപോലുള്ളവർ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റാകുമ്പോൾ പെൺകുട്ടികൾക്ക് ബുദ്ധമുട്ടുണ്ടാകുമെന്നാണ് ഞാൻ ഷാഫിയോട് പറഞ്ഞത്. എന്നാൽ ഷാഫി അതിനെ പരിഗണനയും തന്നില്ല.
ഇത്തരത്തിൽ അനുഭവമുണ്ടായ സ്ത്രീകളോട് ഉത്തരം പറയാനുള്ള ഉത്തരവാദിത്വം ഷാഫിക്കുണ്ട്. ഞാൻ പറയുന്നത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ ശക്തമായ തെളിവുകൾ നിരത്തും. അതിന് ഒരുമടിയുമില്ല. കാരണം അവരൊക്കെ അങ്ങനെ പറയും പ്രവർത്തിക്കും എന്നൊക്കെ അറിയാത്ത വിഢിയല്ല ഞാൻ. ഒരു തെളിവുമില്ലാതെ പരസ്യമായി കാര്യങ്ങൾ പറയുന്ന ഒരു പൊട്ടിയല്ല ഞാൻ. ചിലപ്പോൾ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുമായിരിക്കും. എന്നിട്ടുപോലും ഞാനിത് പറയുന്നുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടികൾക്ക് അധീതമായ ഒരു സ്ത്രീപക്ഷം ഉണ്ടാകണം എന്ന ആഗ്രഹമുള്ളതുകൊണ്ടാണ്’- ഷഹനാസ് പറഞ്ഞു.
Source link



