LATEST

ഇന്ത്യൻ ജെൻ സി ലോകത്തിന് മാതൃക: പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ആത്മവിശ്വാസവും മികവും സർഗാത്മകതയുമുള്ള ഇന്ത്യൻ ജെൻ സി ലോകത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ യുവാക്കൾ എപ്പോഴും രാജ്യ താത്പര്യത്തിന് മുൻതൂക്കം നൽകുന്നവരാണ്. എല്ലാ അവസരങ്ങളും ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്നവരാണ്. ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്‌കൈറൂട്ടിന്റെ ഹൈദരാബാദിലെ ഇൻഫിനിറ്റി ക്യാമ്പസ് ഉദ്ഘാടനവും ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്രം -1ന്റെ അനാവരണവും വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കുകയായിരുന്നു മോദി.

എല്ലാ മേഖലകളിലെയും വെല്ലുവിളികൾക്ക് നമ്മുടെ യുവാക്കളും ജെൻ സീയും പരിഹാരം കണ്ടെത്തുകയാണ്. ഇന്ത്യൻ ജെൻ സീയുടെ ആത്മവിശ്വാസം ലോകമെങ്ങുമുള്ള യുവതലമുറയ്ക്ക് പ്രചോദനം പകരുകയാണ്. സർക്കാർ ബഹിരാകാശരംഗം തുറന്നിട്ടതോടെ രാജ്യത്തെ യുവാക്കൾ, പ്രത്യേകിച്ച് ജെൻ സീ അതിന്റെ പൂർണ പ്രയോജനം നേടാൻ മുന്നോട്ടുവന്നു.

ഇന്ന് 300ലേറെ സ്റ്റാർട്ടപ്പുകളാണ് ഇന്ത്യൻ ബഹിരാകാശ രംഗത്തിന്റെ ഭാവിക്ക് പ്രതീക്ഷ നൽകുന്നത്. ഇവയിൽ പലതും കുറച്ചാളുകൾ മാത്രമുള്ള ചെറിയ സംഘങ്ങളായാണ് തുടങ്ങിയത്. പരിമിതമായ വിഭവങ്ങളോടെ ചെറിയ മുറികളിൽ തുടങ്ങിയ അവർക്ക് പുതിയ ഉയരങ്ങളിലെത്താനുള്ള ദൃഢനിശ്ചയമുണ്ടായിരുന്നു. അതാണ് ബഹിരാകാശ രംഗത്ത് സ്വകാര്യ സ്റ്റാർട്ടപ്പുകളുടെ വിപ്ലവത്തിലേക്ക് നയിച്ചത്.

അഞ്ചുവർഷം മുമ്പ് സങ്കൽപ്പിക്കാൻ പോലും പറ്റാതിരുന്ന മേഖലകളിലാണ് ഇന്ന് ഇന്ത്യൻ യുവാക്കൾ പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ സ്വകാര്യ സംരംഭങ്ങൾ ലോകത്തുതന്നെ പ്രത്യേക സ്ഥാനം നേടിയെടുത്തിട്ടുണ്ട്. ആഗോള നിക്ഷേപകരെ ഇന്ത്യൻ ബഹിരാകാശ രംഗം ആകർഷിക്കുന്നു.

‘സ്റ്റാർട്ടപ്പുകളുടെ

പുത്തൻ തരംഗം’

ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ വിവിധ മേഖലകളിൽ സ്റ്റാർട്ടപ്പുകളുടെ ഒരു പുത്തൻ തരംഗം തന്നെ ഉണ്ടായിട്ടുണ്ടെന്ന് നരേന്ദ്രമോദി. തുടക്കകാലത്ത് സ്റ്റാർട്ടപ്പുകൾ വൻ നഗരങ്ങളിൽ മാത്രമായിരുന്നെങ്കിൽ ഇന്ന് ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും സ്റ്റാർട്ടപ്പുകളുണ്ട്. രാജ്യത്ത് ഇന്ന് രജിസ്റ്റർ ചെയ്യപ്പെട്ട 1.5 ലക്ഷത്തിലേറെ സ്റ്റാർട്ടപ്പുകളുണ്ട്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button