NATIIONAL
‘ഇന്ത്യൻ ക്രിക്കറ്റ് താരമായിട്ടും വിവാഹത്തിന് ആരും തയാറായില്ല; വാഹനത്തിൽനിന്ന് പുറത്തേക്കു ചാടാൻ തോന്നി’

മുംബൈ∙ വിഷാദരോഗത്തോടു പൊരുതിയ കാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചു തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ. കൗമാരപ്രായത്തിൽ തന്നെ ചില ആളുകൾ തന്നെ മദ്യപാനിയെന്നു മുദ്രകുത്തിയതായാണ് ലക്ഷ്മൺ ശിവരാമകൃഷ്ണന്റെ പരാതി. തുടർച്ചയായുള്ള ആരോപണങ്ങളാണു തന്റെ കരിയർ നശിപ്പിച്ചതെന്നും 17–ാം വയസ്സിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച താരം ആരോപിച്ചു.തനിക്ക് വിവാഹം ആലോചിച്ച് രക്ഷിതാക്കൾ പരസ്യം നൽകിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരമാണെന്നു പറഞ്ഞിട്ടുപോലും ഒരു മറുപടിയും ലഭിച്ചില്ലെന്നും ലക്ഷ്മൺ ശിവരാമകൃഷ്ണൻ വ്യക്തമാക്കി. ‘‘ടെസ്റ്റ് ടീം അംഗമാണെന്നും ഒരു ഫ്ലാറ്റ് സ്വന്തമായുണ്ടെന്നും ഒക്കെ പരസ്യത്തിലുണ്ടായിരുന്നു. എന്നിട്ടും ആരും വന്നില്ല. കാരണം ആളുകൾ എന്നെ ആ ഒരു അവസ്ഥയിലേക്ക് എത്തിച്ചിരുന്നു. ആരും സ്വന്തം മകൾ എന്നെ വിവാഹം കഴിക്കുന്നതു താൽപര്യപ്പെട്ടില്ല. 1987 ലോകകപ്പിനു ശേഷം ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ തമിഴ്നാട്ടിലെ സിലക്ടർമാർ എന്നെ വിളിച്ചു. ഞാൻ ഫിറ്റല്ലെന്ന് മാധ്യമങ്ങളോടു പറയണമെന്നായിരുന്നു ആവശ്യം. നടക്കില്ലെന്നു ഞാൻ അവരോടു പറഞ്ഞു. വേണമെങ്കിൽ എന്നെ പുറത്താക്കിക്കോളൂ എന്നും പറഞ്ഞു.’’– ശിവരാമകൃഷ്ണൻ വ്യക്തമാക്കി. 1987ൽ കരിയർ അവസാനിപ്പിച്ച ശിവരാമകൃഷ്ണൻ പിന്നീട് ക്രിക്കറ്റ് കമന്ററിയിലാണു തിളങ്ങിയത്.
Source link



