ഇനിമുതൽ ബിരിയാണിയും അൽഫാമും കഴിക്കുന്നവരുടെ പോക്കറ്റ് കീറും, 1200 ഹോട്ടലുകൾ പൂട്ടി

ആലപ്പുഴ: പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ വിഭവങ്ങൾക്ക് വില കൂട്ടി ഹോട്ടലുകൾ. 10-20 രൂപ വരെയാണ് വിവിധ വിഭവങ്ങൾക്ക് വില കൂട്ടിയത്. ജില്ലയിൽ ചെറുതും വലുതുമായ 1200ഓളം ഹോട്ടലുകളാണ് ഇതുവരെ പൂട്ടിയത്. ശേഷിക്കുന്ന ഹോട്ടലുകൾ പൂർണമായും വിറകടുപ്പിൽ പ്രവർത്തിക്കുന്നതാണ്. നിലവിൽ ചായ, കാപ്പി, ചെറുകടികൾ എന്നിവയ്ക്ക് വില കൂട്ടിയിട്ടില്ല. ബിരിയാണി, അൽഫാം, ചിക്കൻ, ബീഫ്, മട്ടൺ വിഭവങ്ങൾ തുടങ്ങിയവയ്ക്കാണ് വില കൂട്ടിയത്. ഇവ പാചകം ചെയ്യുന്നതിന് ഇന്ധനം അധികം വേണ്ടിവരുമെന്നതാണ് കാരണമായി ഹോട്ടലുടമകൾ പറയുന്നത്.കടകളുടെ വ്യത്യാസമനുസരിച്ച് വിലയിൽ മാറ്റം വരും. പല കടകളിലും ചൈനീസ് വിഭവങ്ങളും ഊണും പൂർണമായും നിറുത്തി. ചില കടകളിൽ ഊണ് ലഭിക്കുന്നുണ്ടെങ്കിലും വലിയ തിരക്കാണ്. പ്രതിസന്ധി തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും അടച്ച കടകൾക്കൊന്നും ഇതുവരെയും വാണിജ്യ സിലിണ്ടർ കിട്ടിത്തുടങ്ങിയിട്ടില്ല.പാചകവാതകം ക്ഷാമം പരിഹരിക്കാത്ത സർക്കാർ നടപടിക്കെതിരെ 23ന് സംസ്ഥാന വ്യാപകമായി ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കടയടച്ച് പ്രതിഷേധിക്കും. ഹോട്ടലുകള അവശ്യ സർവീസായി പ്രഖ്യാപിച്ച് പാചകവാതകം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതിന് മുന്നോടിയായി ഇന്ന് എറണാകുളം പനമ്പള്ളി നഗറിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ റീജിയണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തും
Source link


