LATEST

ഇത് അരിയല്ല,​ മരുന്ന് ; രാജവംശങ്ങൾക്കായി കൃഷി ചെയ്തിരുന്ന ഇനം,​ ഒരേക്കറിൽ നിന്ന് ലഭിക്കുന്നത് 1200 കിലോ

ചെന്നിത്തല : പുതുതലമുറയ്ക്ക് അന്യമായ പോഷകസമൃദ്ധവും ഔഷധമൂല്യവുമുള്ള ‘രക്തശാലി ‘ നെൽ കൃഷി ചെന്നിത്തല ഒന്നാം ബ്ലോക്ക് പാടത്ത് ഏറെ ശ്രദ്ധേയമാകുന്നു. ആരോഗ്യവും യൗവ്വനവും സംരക്ഷിക്കാൻ കേരളത്തിലെ രാജവംശങ്ങൾക്കായി വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ കൃഷി ചെയ്തിരുന്നതായി പറയപ്പെടുന്ന നെൽ വിത്തിനമായ രക്തശാലിയിൽ ക്യാൻസർ കോശങ്ങളെ തടയാനുള്ള ഒട്ടനവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.

രക്തത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാനും വാത​ പിത്ത​ കഫ ദോഷങ്ങൾ കുറയ്ക്കാനും കഴിവുണ്ട്. ഹീമോഗ്ലോബിന്റെ അളവു കൂടുതലുള്ളതിനാൽ രക്തവർദ്ധിനിയെന്ന പേരിലാണു രക്തശാലി അരി അറിയപ്പെടുന്നത്. കൊളസ്‌ട്രോൾ, നാഡീതളർച്ച, വാതം തുടങ്ങിയ അസുഖങ്ങൾക്ക് ഉത്തമമാണ്.

സെന്റ് തോമസ് കോളേജ് റിട്ട.പ്രൊഫസർ മാവേലിക്കര പുതിയകാവ് കല്ലംപുറത്ത് കൊട്ടാരയ്ക്കൽ ഡോ.ആന്റണി ജോർജാണ് ചെന്നിത്തലയിലെ തന്റെ കൃഷിയിടത്തിൽ രക്തശാലി പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തിട്ടുള്ളത്.

ഒന്നാം ബ്ലോക്കിലുള്ള തന്റെ ഏഴേക്കറിലെ മൂന്നുപറ (മുപ്പത് സെന്റ് ) കണ്ടത്തിലാണ് കൃഷി. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നെല്ലിനമായ ‘രക്തശാലി’ നെൽ വിത്തുകൾ മുട്ടാറിലുള്ള പരമ്പരാഗത കർഷകനിൽ നിന്നും കിലോയ്ക്ക് 325 രൂപ നിരക്കിൽ വാങ്ങിയാണ് കൃഷി ഇറക്കിയത്. ഇപ്പോൾ 90 ദിനങ്ങൾ പിന്നിട്ട നെൽച്ചെടി 35- ​40 ദിവസങ്ങൾ കൂടി കഴിഞ്ഞാൽ കൊയ്‌തെടുക്കാം. ജില്ലാ അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച മിനി ടോം ആണ് ആന്റണിയുടെ ഭാര്യ.

അരിയല്ല,​​ മരുന്നാണ്

 പൊതുവിപണിയിൽ ലഭ്യമല്ലാത്ത ഈ നെല്ലിനം ആയുർവേദമരുന്നായാണ് ഉപയോഗിക്കുന്നത്. ഒരു ഏക്കറിൽ കൃഷി ചെയ്താൽ 1200 കിലോ അരി ലഭിക്കും

 നല്ല സ്വാദുള്ള ചോറാണ് ഈ അരിയുടേത് കഞ്ഞി രൂപത്തിൽ കഴിക്കുന്നതാണു കൂടുതൽ രുചികരം. പെട്ടെന്നു ദഹിക്കുകയും ചെയ്യും

 നല്ല അതിജീവനശേഷിയുള്ള രക്തശാലി നെല്ലിന് ഇളംചുവപ്പ് നിറവും തവിടിനു കടുംചുവപ്പും ഉമിക്കു ചോരച്ചുവപ്പും നിറമാണുള്ളത്

വിളവെടുപ്പ് പ്രായം

120​-130 ദിവസം




ഇപ്പോഴേ രക്തശാലിക്ക് ആവശ്യക്കാർ ഏറെയാണ്. പക്ഷേ, ഇത് തന്റെയും കുടുംബത്തിന്റെയും ആരോഗ്യ പരിപാലനത്തിനായി ഉപയോഗിക്കാനാണ്

– ഡോ.ആന്റണി ജോർജ്, റിട്ട.പ്രൊഫസർ


Source link

Related Articles

Back to top button