ഇതെന്താ പട്ടമോ! അമ്പരപ്പിക്കുന്ന കാഴ്ച; 104 പേർ ചേർന്ന് ആകാശത്ത് പുതിയ ലോക റെക്കാഡ്

ഫ്ലോറിഡ: ആകാശത്ത് വിസ്മയം തീർത്ത് 20 രാജ്യങ്ങളിൽ നിന്നുള്ള 104 സ്കൈ ഡൈവർമാർ. ഫ്ലോറിഡയിലെ ലേക്ക് വെയിൽസിന് മുകളിൽ ആകാശത്ത് പട്ടം പോലെ കൂട്ടമായി പറന്നാണ് സാഹസികർ ചരിത്രം കുറിച്ചത്. ഒരേസമയം പാരച്യൂട്ടുകൾ വിടർത്തി വായുവിൽ കൂറ്റൻ രൂപം (കനോപ്പി ഫോർമേഷൻ) ഉണ്ടാക്കിയാണ് വിസ്മയ പ്രകടനം. നവംബർ 22-നായിരുന്നു സംഭവം. പ്രകടനത്തിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാണ്.
104 സ്കൈ ഡൈവർമാരാണ് നക്ഷത്രത്തിന്റെ രൂപത്തിൽ അണിനിരന്നത്. ഇത്രയധികം പേർ ചേർന്ന് ഉണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ രൂപമാണിത്. പെർഫോർമൻസ് ഡിസൈൻസ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഓരോരുത്തരും തങ്ങൾക്ക് മറക്കാനാവാത്ത ഒരനുഭവമാണ് സൃഷ്ടിച്ചത്. ഇത്തരം സാഹസിക പ്രകടനങ്ങൾ സംഘടിപ്പിക്കണമെങ്കിൽ കൃത്യമായ ലോജിസ്റ്റിക് പിന്തുണ, എയർ ട്രാഫിക് കൺട്രോൾ (എടിസി) സെന്ററുകളുമായുള്ള ഏകോപനം എന്നിവയെല്ലാം ആവശ്യമാണ്. ഇതെല്ലാം കൃത്യമായ രീതിയിലാണ് സംഘാടകർ നടപ്പിലാക്കിയത്.
‘ഇതുപോലൊരു പരിപാടി നടക്കുമ്പോൾ, സത്യത്തിൽ അതൊരു യാത്ര പോലെയാണ്. ഒരുപാട് പേർ അവരുടെ ജീവിത രീതി, ഭക്ഷണം കഴിക്കുന്ന രീതി, വ്യായാമം, ഉറക്കം എല്ലാം മാറ്റി. കഴിഞ്ഞ പത്തോ ഇരുപതോ വർഷത്തിനിടയിൽ ഉണ്ടായിരുന്നതിനേക്കാൾ നല്ല ആരോഗ്യം അവർ വീണ്ടെടുത്തു.അത് തന്നെയാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ നേട്ടവും’. സംഘാടകരിൽ ഒരാളായ ക്രിസ് ഗേ വ്യക്തമാക്കി. 2007-ലാണ് സമാനമായ സാഹസിക പ്രകടനം ഇതിനുമുമ്പ് നടന്നത്. അന്ന് 100 സ്കൈ ഡൈവർമാരായിരുന്നു വായുവിൽ രൂപം തീർത്തത്.
Source link

