‘ആ സിനിമയ്ക്ക് അവാർഡ് പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല, ദിലീപേട്ടന്റെ നായികയാകേണ്ടിയിരുന്നു ഞാനായിരുന്നില്ല’

സിനിമയിൽ സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കാവ്യാ മാധവൻ. നടൻ ദിലീപുമായുള്ള വിവാഹശേഷം കാവ്യ കൂടുതലും കുടുംബജീവിതത്തിലും ബിസിനസിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ കാവ്യ പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്നദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് കാവ്യ ആദ്യമായി നായികാ വേഷത്തെ അവതരിപ്പിക്കുന്നത്. ചന്ദ്രനുദിക്കുന്നദിക്കിൽ കാവ്യ എത്തിച്ചേർന്നതിനെക്കുറിച്ചും പുരസ്കാരങ്ങൾ ലഭിച്ചതിനെക്കുറിച്ചുമാണ് ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.
‘ഞാൻ സിനിമയിൽ വന്നതിനുശേഷമാണ് യുവജനോത്സവങ്ങളിൽ പങ്കെടുത്തിട്ടുള്ളത്. സംവിധായകൻ കമലിന്റെ രണ്ട് സിനിമയിൽ അഭിനയിപ്പോഴാണ് എനിക്ക് സംസ്ഥാന അവാർഡ് ലഭിച്ചത്. പെരുമഴക്കാലത്തിനും ഗദ്ദാമയിൽ അഭിനയിച്ചതിനുമാണ് അവാർഡ് കിട്ടിയത്. അദ്ദേഹം പല സിനിമകളിലും അഭിനയിക്കാൻ വിളിച്ചിരുന്നു. എന്നാൽ ചില തിരക്കുകൾ കാരണം ചെയ്യാൻ കഴിഞ്ഞില്ല. അവാർഡുകൾ കിട്ടുന്നതിന് യോഗവും ഭാഗ്യവും വേണം. ഇതിന് മുൻപും കുറേ സിനിമകളിൽ അഭിനയിച്ചതിന് പുരസ്‌കാരം കിട്ടാതെ പോയിട്ടുണ്ട്. മിഴിരണ്ടിൽ അഭിനയിച്ചപ്പോൾ അവാർഡ് പ്രതീക്ഷിച്ചിരുന്നു. അങ്ങനെ ഒരു അവാർഡ് പ്രതീക്ഷിച്ചിട്ട് ചെയ്തിട്ട് ഒടുവിൽ കിട്ടാതെ വരുമ്പോൾ വലിയ സങ്കടമാകും.
സിനിമ ഒരിക്കലും എന്റെ പാഷനായിരുന്നില്ല.ഞാൻ എങ്ങനെയൊക്കെയോ സിനിമയിൽ എത്തിപ്പെട്ടയാളാണ്. ഞാൻ വന്ന സാഹചര്യം നോക്കിയാൽ തന്നെ മനസിലാകും. ചന്ദ്രനുദിക്കുന്നദിക്കിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. കമൽ അങ്കിളിന്റെ അസിസ്റ്റാന്റാണ് ആ സിനിമ സംവിധാനം ചെയ്തത്. അതുപോലെ അദ്ദേഹത്തിന്റെ അസിസ്റ്റാന്റായിരുന്ന ദിലീപ് ചേട്ടനാണ് നായകനായത്. ആ സിനിമയിലേക്ക് ദിലീപേട്ടന്റെ നായികയായി ആദ്യം കാസ്റ്റ് ചെയ്തിരുന്നത് ശാലിനിയെയായിരുന്നു. തിരക്കുകൾ കാരണം അവർക്ക് എത്താൻ സാധിച്ചില്ല. അങ്ങനെയാണ് ഞാൻ നായികയാകുന്നത്’ കാവ്യ പറഞ്ഞു.
Source link


