LATEST

ആ ‘പ്രവചനം’ സഞ്ജു പൊളിച്ചടുക്കി, പിന്നാലെ പാകിസ്ഥാൻ മുൻ താരത്തെ ട്രോളി ക്രിക്കറ്റ് ആരാധകർ

കൊൽക്കത്ത: ലോകകപ്പ് ട്വന്റി 20 ക്രിക്കറ്റിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്നലെ ഇന്ത്യ, വെസ്റ്റിൻഡീസിനെ അഞ്ച് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി സെമി ഫൈനലിലെത്തിയിരുന്നു. മലയാളി താരം സഞ്ജു സാംസണിന്റെ വീരോചിതമായ ബാറ്റിംഗാണ്‌ ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്. 50 പന്തുകളിൽ 97 റൺസാണ് താരം അടിച്ചുകൂട്ടിയത്.

എന്നാ‌ൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ഒരു മത്സരത്തിൽ പോലും തിളങ്ങാതിരുന്ന ഇന്ത്യ ആദ്യ സൂപ്പർ എട്ട് മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോൽക്കുകയും ചെയ്‌തിരുന്നു. ഇതോടെ ഇന്ത്യ സെമി കടമ്പ കടക്കില്ലെന്ന് പലരും പറഞ്ഞു. പാകിസ്ഥാൻ മുൻ താരമായ മുഹമ്മദ് അമീറും ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു.

ഒരു ടീവിചാനൽ അഭിമുഖത്തിൽ പാകിസ്ഥാൻ സെമി കടക്കുമോ എന്ന ചോദ്യത്തിന് അമീർ, അത് വിഷയമല്ലെന്നും എന്നാൽ ഇന്ത്യ സെമി കടക്കില്ല എന്നുമാണ് മറുപടി പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ സഞ്ജുവിന്റെ മികച്ച ഇന്നിംഗ്‌സിലൂടെ ഇന്ത്യ സെമിയിലെത്തിയിരിക്കുകയാണ്. ഇംഗ്ളണ്ട് ആണ് സെമിയിൽ ഇന്ത്യയുടെ എതിരാളി.

മുഹമ്മദ് അമീറിന്റെ പ്രവചനം പൊളിഞ്ഞതോടെ സമൂഹമാദ്ധ്യമങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ അമീറിനെ ട്രോളി പോസ്റ്റുകൾ കൊണ്ട് നിറയ്‌ക്കുകയാണ്. സെമിയിൽ ഇന്ത്യ എത്തിയതോടെ ഇന്ത്യ കപ്പ് ഉയ‌‌ർത്തില്ല എന്നാകും അമീർ ഇനി പറയുകയെന്നും അതും നടക്കാൻ പോകുന്നില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

196 റൺസ് എന്ന വമ്പൻ ടോട്ടൽ മുന്നോട്ടുവച്ച വെസ്റ്റിൻഡീസിനെ അവസാന ഓവറിലാണ് ഇന്ത്യ തോൽപ്പിച്ചത്. കളിയുടെ തുടക്കത്തിൽ തകർത്തടിച്ച് തുടങ്ങിയ സഞ്‌ജു പിന്നീട് സഹതാരങ്ങൾ എളുപ്പം സ്‌കോർ ചെയ്യാൻ സഹായിച്ചു. എന്നാൽ അഭിഷേക് ശർമ്മ (10), ഇഷാൻ കിഷൻ (10), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (18) എന്നിവർ പെട്ടെന്ന് പുറത്തായതോടെ ഇന്ത്യ ഒന്ന് പരുങ്ങി. എന്നാൽ തുട‌ർന്ന് വന്ന തിലക് വർമ്മ (15 പന്തിൽ 27) തകർപ്പൻ ഷോട്ടിലൂടെ മത്സരവേഗം കൂട്ടി. തിലകും പുറത്തായതോടെ വന്ന ഹാർദ്ദിക് പാണ്ഡ്യ 17 റൺസ് നേടി. പിന്നീട് കരുതലോടെ കളിച്ച സഞ്ജു അവസാന ഓവറിൽ ഒരു തകർപ്പൻ സിക്‌സറും ഫോറും നേടിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.


Source link

Related Articles

Back to top button